സഗ് രെബ് (ക്രൊയേഷ്യ): സൂപ്പര്‍ യുണൈറ്റഡ് ക്രൊയേഷ്യ റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് 2025ല്‍ പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ്. മൂന്ന് കളികളില്‍ ഗുകേഷ് പ്രജ്ഞാനന്ദയ്‌ക്ക് പുറമെ ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെയും തോല്‍പിച്ചു. അതേ സമയം പോളണ്ടിലെ ഗ്രാന്‍റ് മാസ്റ്ററായ ജാന്‍ ക്രിസ്റ്റഫ് ഡൂഡയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഇതോടെ ആറില്‍ നാല് പോയിന്‍റുകളുമായി ഗുകേഷ് മുന്നില്‍ നില‍്ക്കുകയാണ്.
കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാനിലെ ഊസ് ചെസ്സില്‍ ചാമ്പ്യനായ പ്രജ്ഞാനന്ദയ്‌ക്ക് തൊട്ടടുത്ത ദിവസം തന്നെ ഗുകേഷില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത് തിരിച്ചടിയായി. ജൂലായ് മാസത്തിലെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ചെസ് താരങ്ങളില്‍ ഒന്നാം റാങ്കുകാരനായി പ്രജ്ഞാനന്ദ ഉയര്‍ന്നത് കഴിഞ്ഞ ദിവസമാണ്. ഗുകേഷിനെയും അര്‍ജുന്‍ എരിഗെയ്സിയെയും പിന്നിലാക്ക് പ്രജ്ഞാനന്ദ ആഗോളതലത്തില്‍ നാലാം റാങ്കുകാരനായി ഉയര്‍ന്നിരുന്നു.
മാഗ്നസ് കാള്‍സനും ആറില്‍ നാല് പോയിന്‍റ് നേടി മുന്നിലുണ്ട്. ഒരു വിജയവും രണ്ട് സമനിലയും നേടിയാണ് മാഗ്നസ് കാള്‍സന്‍ മുന്‍പില്‍ എത്തിയത്. വെസ്ലി സോയും ജാന്‍ ക്രിസ്റ്റഫ് ഡൂഡയും നാല് പോയിന്‍റുകള്‍ വീതം നേടി മുന്‍പിലാണ്.
അതേ സമയം മാഗ്നസ് കാള്‍സന്‍ ഗുകേഷിന്റെ ആത്മവീര്യം തകര്‍ക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം നോര്‍വ്വെ ചെസില്‍ ഗുകേഷിനെ വിമര്‍ശിച്ച കാള്‍സനെ തോല്‍പിച്ച് ഗുകേഷ് ആഗോളതലത്തില്‍ തന്നെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അന്ന് തോല്‍വിയുടെ ആഘാതത്തില്‍ മേശയില്‍ ഊക്കോടെ ഇടിച്ച് മേശയിലെ ചെസ് കരുക്കള്‍ വരെ തെറിപ്പിച്ച കാള്‍സനെതിരെ വന്‍ ട്രോളുകളായിരുന്നു.
ഇപ്പോഴിതാ വീണ്ടും ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന് അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മാഗ്നസ് കാള്‍സന്‍. ഇനിയും മികച്ച കളിക്കാരനാണെന്ന് ഗുകേഷ് തെളിയിക്കേണ്ടതുണ്ടെന്നും മാഗ്നസ് കാള്‍സന്‍ പറഞ്ഞു. പക്ഷെ ടൂര്‍ണ്ണമെന്‍റിന്റെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തി ഗുകേഷ് ഇതിന് പരോക്ഷമായി മറുപടി നല്‍കിക്കഴിഞ്ഞു. വ്യാഴാഴ്ച മാഗ്നസ് കാള്‍സനും ഗുകേഷും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഇതില്‍ ഗുകേഷ് പകരം വീട്ടിയാല്‍ അത് കാള്‍സന്റെ അന്ത്യമാവും.