ഗോണ്ടോമര്‍: ഡീഗോ ജോട്ടയുടയെും സഹോദരന്‍ ആന്ദ്രെ സില്‍വയുടെയും നിത്യ നിദ്രയ്‌ക്ക് സാക്ഷ്യം വഹിക്കാനും അന്തിമോപചാരമര്‍പ്പിക്കാനും ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ എത്തിച്ചേര്‍ന്നു. ലോക ഫുട്‌ബോളിനെ കണ്ണീരിലാഴ്‌ത്തി കാറപകടത്തില്‍ മരണപ്പെട്ട സഹോദരന്മാരായ ഫുട്‌ബോള്‍ താരങ്ങളുടെ ജന്മനാടാണ് പോര്‍ച്ചുഗലിലെ ഗോണ്ടോമര്‍. ജോട്ട കളിച്ചിരുന്ന പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ എഫ്‌സി മാനേജ്‌മെന്റ് സംഘവും പ്രധാന താരങ്ങളായ വിര്‍ജില്‍ വാന്‍ഡൈയ്‌ക്ക് അടക്കമുള്ള താരങ്ങളും വിലാപയാത്രയുടെ മുന്‍നിരയിലുണ്ടായിരുന്നു.
അപകടത്തിന് പത്ത് ദിവസം മുമ്പ് മാത്രം വിവാഹിതനായ ജോട്ടയുടെ വിധയ റൂട്ട് കര്‍ഡാസോ, ജോട്ടയുടെ മാതാപിതാക്കളായ യോഖിം, ഇസബെല്‍ എന്നിവര്‍ യാത്രയില്‍ പൂര്‍ണമായും ചെലവഴിച്ചു. ലിവര്‍പൂള്‍ പ്രധാന പരിശീലകന്‍ ആര്‍നെ സ്ലോട്ട്, ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്‌ക്ക്, പ്രതിരോധ താരം ആന്‍ഡ്രൂ റോബര്‍ട്ട്‌സണ്‍, ജെയിംസ് മില്‍നര്‍ എന്നിവരും എത്തിയിരുന്നു. ചുവന്ന പുഷ്പങ്ങള്‍ കൊണ്ട് തീര്‍ത്ത ജേഴ്‌സിയുടെ മാതൃകയിലുള്ള റീത്തുകള്‍ കൈയ്യിലുണ്ടായിരുന്നു. വെളുത്ത പൂക്കളാല്‍ ജോട്ട കളിച്ചിരുന്ന 20-ാം നമ്പര്‍ ഡിസൈണ്‍ ചെയ്തുവച്ച ജേഴ്‌സിയുടെ പുഷ്പ മാതൃക വാന്‍ഡൈയ്‌ക്കിന്റെ കൈയ്യിലായിരുന്നു. ആന്ദ്രെ സില്‍വ കളിച്ചിരുന്ന 30-ാം നമ്പര്‍ ഡിസൈണ്‍ ചെയ്ത പുഷ്പ ജേഴ്‌സി റോബര്‍ട്ട്‌സണും വഹിച്ചു. സംസ്‌കാര ചടങ്ങുകള്‍ നടക്കാനുള്ള പള്ളിയിലേക്കായിരുന്നു താരങ്ങളുടെയും ബന്ധുക്കളുടെയും വിലാപയാത്ര. നഗര മധ്യത്തിലെ റോഡിലൂടെ വരിവരിയായി നടന്നാണ് യാത്ര നീങ്ങിയത്.
പോര്‍ച്ചുഗല്‍ ടീമില്‍ ജോട്ടയ്‌ക്കൊപ്പം കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം റൂബന്‍ ഡിയാസ്, ബെര്‍ണാര്‍ഡോ സില്‍വ യുണൈറ്റഡില്‍ കളിക്കുന്ന ബ്രൂണോ ഫെര്‍ണാണ്ടസ് ഡീഗോ ഡാലോട്ട്, പോര്‍ച്ചുഗല്‍ പരിശീലകന്‍ രോബര്‍ട്ടോ മാര്‍ട്ടിനെസ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു.
ക്ലബ്ബ് ലോകകപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെ ബ്രസീല്‍ ക്ലബ്ബ് ഫ്‌ളുമിനെന്‍സിനോട് തോറ്റ അല്‍ ഹിലാല്‍ താരം ജോവോ കാന്‍സെലോ, ന്യൂനോ എസ്പിരിറ്റോ സാന്റോ എന്നിവര്‍ ഗോണ്ടോമറിലെത്തി. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരം കഴിഞ്ഞ് 12 മണിക്കൂര്‍ പിന്നിടുമ്പോഴേക്കുമാണ് അമേരിക്കയില്‍ നിന്നും ഇരു താരങ്ങളും എത്തിചേര്‍ന്നത്.
അന്തിമോപചാരമര്‍പ്പിക്കാനെത്തിയവര്‍ പൂക്കളോ മരണപ്പെട്ട സഹോദരങ്ങള്‍ ഒരുമിച്ചുള്ള പഴയതും പുതിയതുമായ ചിത്രങ്ങളോ കൈയ്യില്‍ വഹിച്ചിരുന്നു.