ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ റഷ്യക്കാരി അനാസ്താസിയ പവ്‌ലുചെങ്കോവ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ സോനായ് കര്‍ട്ടാലിന്റെ വെല്ലുവിളിയെ നേരിട്ടുള്ള സെറ്റ് വിജയത്തോടെയാണ് പവ്‌ലുചെങ്കോവ മറികടന്നത്. സ്‌കോര്‍ 7-6(7-3), 6-4.
മൂന്നാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്കയെ തോല്‍പ്പിച്ചാണ് പവ്‌ലുചെങ്കോവ പ്രീക്വാര്‍ട്ടറിലെത്തിയത്. തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ നേരിട്ടുള്ള സെറ്റിന് സ്വന്തമാക്കിയാണ് സോനായ് കര്‍ട്ടാല്‍ പവ്‌ലുചെങ്കോവയ്‌ക്കെതിരെ ഇറങ്ങിയത്.
പുരുഷ സിംഗിള്‍സില്‍ സീഡില്ലാ താരം കാരന്‍ ഖച്‌നോവ് ക്വാര്‍ട്ടറില്‍ കടന്നു. കാമില്‍ മായ്‌സര്‍സാക്കിനെയാണ് പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റ് വിജയത്തോടെയാണ് ഖച്‌നോവിന്റെ തകര്‍പ്പന്‍ മുന്നേറ്റം. സ്‌കോര്‍ 6-4, 6-2, 6-3
ക്വാര്‍ട്ടറില്‍ ഖച്‌നോവിന്റെ എതിരാളി അഞ്ചാം സീഡ് താരമായ അമേരിക്കയുടെ ടയ്‌ലര്‍ ഫ്രിട്‌സ് ആണ്. ജോര്‍ദാന്‍ തോംപ്‌സണിനെതിരെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം പാതിക്കുവച്ച് അവസാനിച്ചു. പരിക്ക് കാരണം തോംപ്‌സണ്‍ പിന്മാറിയതോടെ ഫ്രിട്‌സിന് ക്വാര്‍ട്ടറിലേക്ക് വാക്കോവര്‍ ലഭിച്ചു. മത്സരം 6-1, 3-0 എന്ന നിലയില്‍ നില്‍ക്കെയാണ് ജോര്‍ദാന്‍ തോംപ്‌സണ്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്.
മൂന്നാം റൗണ്ട് മത്സരത്തില്‍ 26-ാം സീഡ് താരം അലക്‌സാണ്ട്രോ ഡാവിഡോവിച്ചിനെ തോല്‍പ്പിച്ചാണ് ഫ്രിട്‌സ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ടൂര്‍ണമെന്റില്‍ ആ മത്സരത്തില്‍ മാത്രമേ ഫ്രിട്‌സിന് കാര്യമായ വെല്ലുവിളിയെ അതിജയിക്കേണ്ടിവന്നിട്ടുള്ളൂ.