പിഎസ്ജിക്ക് റയല്‍
ന്യൂജേഴ്‌സി: ക്ലബ്ബ് ലോകകപ്പ് സെമിയില്‍ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സാന്റ് ഷാര്‍മെയ്‌ന്(പിഎസ്ജി) സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് എതിരാളികള്‍. ഇന്നലെ പുലര്‍ച്ചെ നടന്ന സെമിയില്‍ ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരായ ക്വാര്‍ട്ടറില്‍ റയല്‍ 3-2ന് വിജയിച്ചു.
ക്വാര്‍ട്ടര്‍ മത്സരത്തിന്റെ 80 മിനിറ്റ് വരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ റയല്‍ പിന്നീട് നിയന്ത്രണം നഷ്ടപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയില്‍ നേടിയ എതിരില്ലാത്ത രണ്ട് ഗോളിന്റെ ലീഡില്‍ റയല്‍ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. പിന്നീടുള്ള പത്ത് മിനിറ്റും ഇന്‍ജുറി ടൈമിലും ഡോര്‍ട്ട്മുണ്ട് മൈതാനത്ത് മുന്നേറ്റമുണ്ടാക്കി. 90+2-ാം മിനിറ്റില്‍ മാക്‌സിമില്ലിയന്‍ ബെയെര്‍ ഡോര്‍ട്ട്മുണ്ടിനുവേണ്ടി ആദ്യ ഗോള്‍ മടക്കി. രണ്ട് മിനിറ്റിനകം കിലിയന്‍ എംബാപ്പെ നേടിയ ഗോളില്‍ റയലിന്റെ ലീഡ് 3-1 ആയി ഉയര്‍ന്നു. ക്ലബ്ബ് ലോകകപ്പില്‍ എംബാപ്പെയുടെ ആദ്യ ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ഡോര്‍ട്ട്മുണ്ട് നടത്തിയ മുന്നേറ്റത്തെ ചെറുത്ത റയല്‍ പ്രതിരോധ താരം ഡീന്‍ ഹുയിസെനിന് പിഴവുപറ്റി. കടുത്ത ഫൗളിന്റെ പേരില്‍ ഡീന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക്. പെനാല്‍റ്റി അനുവദിക്കപ്പെട്ട ഡോര്‍ട്ട്മുണ്ടിനായി സെര്‍ത്തോ ഗ്വിറാസി ഗോള്‍ നേടി. പക്ഷെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ മത്സരം അവസാനിച്ചതോടെ റയല്‍ രക്ഷപ്പെട്ടു.
മത്സരത്തിന്റെ 10-ാം ഗോന്‍സാലോ ഗാര്‍ഷ്യയും 20-ാം മിനിറ്റില്‍ ഫ്രാന്‍ ഗാര്‍ഷ്യയും റയലിനായി ഗോളുകള്‍ നേടിയിരുന്നു. ഇരുവരുടെയും ഗോളിന്റെ ബലത്തിലാണ് റയല്‍ കളിയുടെ മുക്കാല്‍ പങ്കും മുന്നിട്ടു നിന്നത്.
ജര്‍മന്‍ ബുന്ദെസ് ലിഗ ജേതാക്കളായ ബയേണ്‍ മ്യൂണിക്കുമായുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിലാണ് പിഎസ്ജി വിജയിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി ബയേണിനെ തോല്‍പ്പിക്കുകയായിരുന്നു. 78-ാം മിനിറ്റില്‍ ഡിസൈര്‍ ഡ്യൂവും 90+6-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബേലെയും പിഎസ്ജിക്കായി ഗോളുകള്‍ നേടി.
ക്ലബ്ബ് ലോകകപ്പിലെ രണ്ടാം സെമിയിലാണ് പിഎസ്ജിയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടുക. ബുധനാഴ്ച രാത്രി 12.30നാണ് മത്സരം.