ലണ്ടന്‍: പേസ് ബൗളര്‍ ആകാശ് ദീപിന്റെ ആറ് വിക്കറ്റ് പ്രകടന മികവില്‍ ഭാരതത്തിന് ഇംഗ്ലണ്ടിനെതിരെ വമ്പന്‍ വിജയം. അഞ്ച് മത്സര പരമ്പരയുടെ രണ്ടാം ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 336 റണ്‍സിന് തോല്‍പ്പിച്ചു.
സ്‌കോര്‍: ഭാരതം- 587, 427/6(ഡിക്ലയേര്‍ഡ്; ഇംഗ്ലണ്ട്- 407, 271
രണ്ടാം ഇന്നിങ്‌സില്‍ ഭാരതം മുന്നില്‍ വച്ചത് 608 റണ്‍സിന്റെ വിജയലക്ഷ്യം. 68.1-ാം ഓവറില്‍ ആകാശ് ദീപ് ഇംഗ്ലണ്ട് ബാറ്റര്‍ ബ്രൈഡന്‍ കാഴ്‌സെയെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കൈകളിലെത്തിച്ച് മത്സരം പൂര്‍ണമാക്കി. നാലാം ദിവസം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുഹമ്മദ് സിറാജ് സാക് ക്രൗളിയെ ക്ലീന്‍ ബൗള്‍ഡാക്കി തുടക്കമിടുകയായിരുന്നു. പിന്നീട് ബാറ്റണ്‍ ഏറ്റെടുത്ത ആകാശ് ദീപ് ഒടുവില്‍ കാഴ്‌സെയുടെ വിക്കറ്റ് വീഴ്‌ത്തുംവരെ ആക്രമണം തുടര്‍ന്ന്. ജസ്പ്രീത് ബുംറയ്‌ക്ക് പകരക്കാരനായെത്തിയ ആകാശ് ആറ് വിക്കറ്റാണ് വീഴ്‌ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടിയ ആകാശ് പത്ത് വിക്കറ്റ് നേട്ടവുമായി മത്സരത്തില്‍ തന്റെ റോള്‍ ഗംഭീരമാക്കി.
ഇംഗ്ലണ്ടിനായി ഇന്നലെ ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വരിക്കാരന്‍ വിക്കറ്റ് കീപ്പര്‍ ജാമീ സ്മിത്ത്(88) മാത്രമേ പൊരുതിയുള്ളൂ അഞ്ചാം ദിവസമായ ഇന്നലെ രാവിലെ മഴ കാരണം രണ്ട് മണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്. വൈകി തുടങ്ങിയെങ്കിലും ആദ്യമേ വിക്കറ്റുകള്‍ നേടിക്കൊണ്ട് എതിരാളികളെ നന്നായി സമ്മര്‍ദ്ദത്തിലാഴ്‌ത്താന്‍ ഭാരതത്തിന് സാധിച്ചു.
ആദ്യ ഇന്നിങ്‌സിന് സമാനമായി ആറാം വിക്കറ്റില്‍ ഇംഗ്ലണ്ട് ചെറുത്തു നില്‍പ്പിന്റെ ഭീഷണി ഉയര്‍ത്തിയതാണ്. ജാമീ സ്മിത്തിനൊപ്പം ഇക്കുറി ഉണ്ടായിരുന്നത് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ആയിരുന്നു. പക്ഷെ വാഷിങ്ടണ്‍ സുന്ദര്‍ ആ കൂട്ടുകെട്ട് പൊളിച്ചു. സ്റ്റോക്‌സിനെ (33)വിക്കറ്റിന് മുന്നില്‍ കുടുക്കി.
പിന്നീടുള്ള നാല് വിക്കറ്റുകള്‍ 118 റണ്‍സിനിടെ വീഴ്‌ത്താന്‍ ഭാരതത്തിന് സാധിച്ചു. പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, എന്നിവര്‍ കൂടി ഓരോ വിക്കറ്റ് നേടിക്കൊണ്ട് ഗംഭീര വിജയത്തില്‍ വിലപ്പെട്ട സംഭാവന നല്‍കി. അഞ്ച് മത്സര പരമ്പര 1-1 സമനിലയിലായി. മൂന്ന് മത്സരം കൂടി ബാക്കിയുണ്ട്.