ജയ്‌പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഭാരത ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് ഒഴിവായി. രാജസ്ഥാന്‍ റോയല്‍സ് ഇക്കാര്യം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐപിഎല്‍ 2026ന് മുന്നോടിയായി ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഒഴിവാകുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ദ്രാവിഡ് ടീമിന്റെ പരിശീലകനായത്. ഇക്കൊല്ലത്തെ ഐപിഎല്‍ സീസണില്‍ ദ്രാവിഡിന് കീഴില്‍ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മികച്ച ഫോമില്‍ കളിച്ചുവന്ന ടീം ഇക്കൊല്ലം ഒമ്പതാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.
രാജസ്ഥാന്റെ ദൗത്യം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് വരെ ദ്രാവിഡ് ഭാരത ടീം മുഖ്യ പരിശീലകനായിരുന്നു. കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പില്‍ ഭാരതം ചാമ്പ്യന്‍മാരായത് ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലാണ്.
ഇതിന് മുമ്പ് 2011ല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സില്‍ താരമായി കളിച്ചിട്ടുണ്ട്. 2013ല്‍ കരിയറില്‍ നിന്ന് വിരമിച്ചെങ്കിലും രണ്ട് വര്‍ഷം കൂടി രാജസ്ഥാനൊപ്പം മാര്‍ഗനിര്‍ദേശിയുടെ സേവനവുമായി തുടര്‍ന്നു. വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷം വീണ്ടും രാജസ്ഥാനുമായി കൈകോര്‍ത്തത്.