ലണ്ടന്‍: വിംബിള്‍ഡണില്‍ ഒരിക്കല്‍ കൂടി കളിക്കാനിറങ്ങുമെന്ന് പുരുഷ സിംഗിള്‍സ് ടെന്നിസ് താരം നോവാക് ജ്യോക്കോവിച്ചിന്റെ പ്രഖ്യാപനം.
നിലവിലെ വിംബിള്‍ഡണ്‍ സെമിയില്‍ ഇറ്റലിയുടെ യാനിക് സിന്നറിനോട് സെമിയില്‍ പരാജയപ്പെട്ട ശേഷം ദ്യോക്കോവിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തോല്‍വി എന്നെ മടുപ്പിക്കുന്നില്ല, അതുകൊണ്ട് ഞാന്‍ നിര്‍ത്താനും ആഗ്രഹിക്കുന്നില്ല, ഒരുവട്ടം കൂടി വിംബില്‍ഡണില്‍ കളിക്കാനിറങ്ങും.
ഇതിഹാസതാരം റോജര്‍ ഫെഡറര്‍ സ്വന്തമാക്കിയ ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ കിരീടനേട്ടത്തിലേക്കെത്താന്‍ ദ്യോക്കോവിച്ചിന് ഇനി ഒരു ടൈറ്റില്‍ കൂടി മതി. ഒപ്പം ഏറ്റവും അധികം ഗ്രാന്‍ഡ് സ്ലാം നേട്ടം സ്വന്തം പേരിലാക്കാനും ഒരു ടൈറ്റിലേ വേണ്ടൂ. ദ്യോക്കോവിച്ചും മുന്‍ വനിതാ സിംഗിള്‍സ് താരം മാര്‍ഗരേറ്റ് കോര്‍ട്ടും 24 വീതം ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി തുല്യനിലയില്‍ നില്‍ക്കുകയാണ്.
സിന്നറുമായുള്ള സെമി പോരാട്ടത്തില്‍ ദ്യോക്കോവിച്ച് നേരിട്ടുള്ള സെറ്റ് തോല്‍വി ആണ് വഴങ്ങിയത്. സ്‌കോര്‍ 6-3, 6-3, 6-4. മത്സരം മൂന്നാം സെറ്റിലേക്കെത്തുമ്പോള്‍ ദ്യോക്കോവിച്ച് വല്ലാതെ അവശനായിട്ടുണ്ടായിരുന്നു. ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പിന്മാറ്റം, ഫ്രഞ്ച് ഓപ്പണിലും അതേ ദുര്‍വിധി, ഇപ്പോള്‍ വിംബിള്‍ഡണും നഷ്ടപ്പെട്ടിരിക്കുന്നു, നിര്‍ഭാഗ്യം പിടികൂടിയെന്ന് കരുതുന്നുണ്ടോ? മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അങ്ങനെ പറയാനാവില്ല. എന്നെ പരിക്ക് ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്. മാനസികമായി ഞാന്‍ ഇപ്പോഴും ഉണര്‍ന്നുതന്നെയാണ്. പക്ഷെ ശരീരം എനിക്ക് പ്രായം കൂടിയെന്ന് അറിയിച്ചുകൊണ്ടിരിക്കുന്നു. അതിനെ നിഷേധിക്കാനാവില്ല. ഈ 2025ലും ശാരീരികമായി സുഖകരമായ അവസ്ഥയില്‍ ഞാന്‍ കളിച്ചത് നിങ്ങള്‍ കണ്ടതാണ്. അതിന്റെ ആത്മവിശ്വാസം എന്നോടൊപ്പം എന്നും ഉണ്ടാകും- 38കാരനായ ദ്യോക്കോവിച്ച് പറഞ്ഞു.