മേഴ്‌സിസൈഡ്: ലിവര്‍പൂള്‍ എഫ്‌സി പ്രധാന താരമായിരുന്ന ഡീഗോ ജോട്ടയ്‌ക്ക് ക്ലബ്ബിന്റെ എന്നെന്നേക്കുമുള്ള ആദരം. പോര്‍ച്ചുഗലില്‍ നിന്നുള്ള ജോട്ട കളിച്ചിരുന്ന 20-ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ലിവര്‍പൂള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കഴിഞ്ഞയാഴ്‌ച്ച സ്‌പെയിനിലെ സമോറ പ്രവിശ്യയിലുണ്ടായ കാറപടത്തില്‍ 28കാരനായ ജോട്ടയും സഹോദരന്‍ ആേ്രന്ദ സില്‍വയും മരണപ്പെട്ടിരുന്നു. പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോളിലും സജീവമായിരുന്ന ജോട്ട അടുത്തിടെ യുവേഫ നേഷന്‍സ് കിരീടം നേടിയ ടീമിലും കളിച്ചിരുന്നു.
ലിവര്‍പൂളിന്റെ നിര്‍ണായക നേട്ടങ്ങളില്‍ പ്രധാനിയായി നിലകൊണ്ടിരുന്ന താരത്തിന് എന്നെന്നേക്കുമുള്ള ആദരമായാണ് 20-ാം നമ്പര്‍ ജേഴസി മറ്റാര്‍ക്കും നല്‍കേണ്ടതില്ലെന്ന് ക്ലബ്ബ് പ്രഖ്യാപിച്ചത്. ലിവറിന്റെ വനിതാ ടീം അടക്കം എല്ലാ നിരയിലുമുള്ള ടീമുകള്‍ക്കും 20-ാം നമ്പര്‍ജേഴ്‌സി ഇനി ഉണ്ടാവില്ല.
‘ആ 20-ാം നമ്പര്‍ ജേഴ്‌സി അഭിമാനപൂര്‍വ്വം ധരിച്ചുകൊണ്ടാണ് ജോട്ട ഈ ക്ലബ്ബിനെ എണ്ണമറ്റ വിജയങ്ങളിലേക്കും പ്രധാന കിരീടനേട്ടങ്ങളിലേക്കും നയിച്ചത്, 20-ാം നമ്പര്‍ ജേഴ്‌സിയില്‍ ജോട്ട എന്നും ഈ ക്ലബ്ബിനൊപ്പം ഉണ്ടാകും’-ലിവര്‍ ഔദ്യോഗിക പ്രസ്താവനാ കുറിപ്പില്‍ അറിയിച്ചു.