

ഫിലാഡൽഫിയ ഈഗിൾസിന്റെ മുൻ ഡിഫൻസീവ് എൻഡും സൂപ്പർ ബൗൾ ചാമ്പ്യനുമായ ബ്രയാൻ ബ്രമാൻ അന്തരിച്ചു. അപൂർവവും അതിവേഗം പടരുന്നതുമായ ഒരുതരം അർബുദവുമായി പോരാടുകയായിരുന്നു 38 കാരനായ ബ്രമാൻ. ബ്രമാന്റെ ഏജന്റ് സീൻ സ്റ്റെല്ലറ്റോയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
ഫെബ്രുവരിയിൽ ബ്രമാന്റെ ചികിത്സാ ചെലവുകൾക്കായി ആരംഭിച്ച ഒരു ഗോഫണ്ട്മി ഫണ്ട് റൈസർ പേജിൽ, അദ്ദേഹം കീമോതെറാപ്പിക്കും നിരവധി ശസ്ത്രക്രിയകൾക്കും വിധേയനായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ, അർബുദം അദ്ദേഹത്തിന്റെ പ്രധാന അവയവങ്ങൾക്ക് ചുറ്റും വളർന്നുകൊണ്ടിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
ഹ്യൂസ്റ്റൺ ടെക്സൻസ്, ന്യൂ ഓർലിയൻസ് സെയിന്റ്സ് എന്നിവയുൾപ്പെടെ നിരവധി എൻ.എഫ്.എൽ. ടീമുകൾക്കായി ബ്രമാൻ കളിച്ചിട്ടുണ്ട്. 2017 സീസണിന്റെ അവസാനത്തിൽ ഈഗിൾസിനൊപ്പമുള്ള രണ്ടാം ഘട്ടത്തിലാണ് അദ്ദേഹം സൂപ്പർ ബൗൾ LII-ൽ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സിനെ തോൽപ്പിച്ച് ടീമിനൊപ്പം ചാമ്പ്യൻഷിപ്പ് നേടിയത്. എൻ.എഫ്.എല്ലിലെ അദ്ദേഹത്തിന്റെ അവസാന മത്സരം ആ ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു. ബ്രമാന് 8-ഉം 11-ഉം വയസ്സുള്ള രണ്ട് പെൺമക്കളുണ്ട് ഫിലാഡൽഫിയ ഈഗിൾസ് ഇതുവരെ ഔദ്യോഗികമായ ഒരു പ്രസ്താവനയും പുറത്തുവിട്ടിട്ടില്ല.









