

കോഴിക്കോട്: മിസോറാമില്‍ നിന്നുള്ള ഫോര്‍വേഡ് മോസസ് ലാല്‍റിന്‍സുവാലയെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി. ചാന്‍മാരി എഫ്സിയില്‍ നിന്നാണ് മോസസ് മലബാറിയന്‍സിനൊപ്പം ചേരുന്നത്. 23 വയസ്സുകാരനായ മോസ്സസ് 2015 ല്‍ സുബ്രതോ കപ്പില്‍ ചാമ്പ്യന്‍ ടീമിന്റെ ഭാഗമായിരുന്നതിനൊപ്പം ലീഗ് ടോപ് സ്‌കോററുമായാണ് കൂടുതല്‍ ശ്രദ്ധനേടുന്നത്, അതേ വര്‍ഷം തന്നെ, മിസോറാം സബ് ജൂനിയര്‍ ടീമിനെയും പ്രതിനിധീകരിച്ചു. ജര്‍മ്മനിയിലെ യു ഡ്രീം ഫുട്‌ബോള്‍ അക്കാദമിയില്‍ 2016- 2017 കാലയളവില്‍ പരിശീലനം നേടി അന്താരാഷ്‌ട്ര പരിചയം നേടുകയും സാങ്കേതിക കഴിവുകള്‍ മൂര്‍ച്ച കൂട്ടുകയും ചെയ്തു.
2017-18 സീസണില്‍ ചാന്‍മാരി എഫ്സിയിലൂടെയാണ് മോസസ് ക്ലബ് യാത്ര ആരംഭിച്ചത്. പിന്നീട് 2020-21 സീസണില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബിനായി കളിച്ചു. 2024-25 സീസണില്‍ മോസസ് ചാന്‍മാരി എഫ്സിയിലേക്ക് തിരികെയെത്തി. അവിടെ ഒരു ഫോര്‍വേഡ് എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ടീമിന്റെ കളി ശൈലിക്ക് വളരെനന്നായി യോജിക്കുന്ന ഒരു യുവ കളിക്കാരനാണ് മോസസ്, അറ്റാക്കിങ്ങില്‍ അദ്ദേഹത്തിന് ടീമിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനായേക്കും- എന്ന് ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് ജോസ് ഹേവിയ പറഞ്ഞു.









