

ന്യൂദല്‍ഹി: കാഫാ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഭാരതം കടുത്ത ഗ്രൂപ്പില്‍. നിലവിലെ കാഫാ നേഷന്‍സ് ജേതാക്കളായ താജികിസ്ഥാനും കരുത്തരായ ഇറാനും ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പിലാണ്. മലേഷ്യയ്‌ക്ക് പകരമായാണ് ഭാരതത്തിന് അവസരം ലഭിച്ചത്.
വിവിധ കാരണങ്ങള്‍ നിരത്തിക്കൊണ്ട് മലേഷ്യ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ചു. ഇതോടെ സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(കാഫാ) വലിയ ആശങ്കയിലായി. തുടര്‍ന്ന് നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം മലേഷ്യ പിന്‍മാറിയ സ്ഥാനത്ത് ഭാരതത്തെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
താജിക്കിസ്ഥാന്‍, ഇറാന്‍ എന്നിവയെ കൂടാതെ ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരതത്തിന്റെ മറ്റൊരു എതിരാളി അഫ്ഗാനിസ്ഥാന്‍ ആണ്.
അടുത്ത മാസം 29ന് താജിക്കിസ്ഥാനെതിരെയാണ് ഭാരതത്തിന്റെ ആദ്യ പോരാട്ടം. രണ്ടാം മത്സരം സപ്തംബര്‍ ഒന്നിന് ഇറാനെതിരെ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടം സപ്തംബര്‍ നാലിന് അഫ്ഗാനിസ്ഥാനെതിരെ. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് നേരിട്ട് നോക്കൗട്ടില്‍ പ്രവേശിക്കാന്‍ സാധിക്കും.
നാളെയാണ് എഐഎഫ്എഫ് ഭാരത ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുക. ഇഗോര്‍ സ്റ്റിമാച്ചിന് പിന്നാലെ മാനോലോ മാര്‍ക്വേസിന് അവസരം നല്‍കിയെങ്കിലും ആഴ്‌ച്ചകള്‍ക്ക് മുമ്പ് എഐഎഫ്എഫ് നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. കോച്ചും എഐഎഫ്എഫും പരസ്പര ധാരണയോടെയാണ് മാര്‍ക്വേസിന്റെ സേവനം മതിയാക്കാമെന്ന തീരുമാനത്തിലെത്തിയത്. നാളെ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ പരിശീലകന്റെ ആദ്യ ദൗത്യമായിരിക്കും കാഫാ നേഷന്‍സ്.









