

മ്യൂണിക്: കൊളംബിയന്‍ വിങ്ങര്‍ ലൂയിസ് ഡിയാസ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ വിട്ട് ബയേണിലെത്തി. 2029 വരെ ജര്‍മന്‍ ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടതായി ബയേണ്‍ ഔദ്യോഗികമായി അറിയിച്ചു. 75 ദശലക്ഷം യൂറോയ്‌ക്കാണ് ഡിയാസ് ബയേണിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലിവറിനൊപ്പം, പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് ടൈറ്റിലുകള്‍ നേടിയ താരമാണ് ഡിയാസ്. ലോക ഫുട്‌ബോളിലെ മികച്ച ഇടത് വിങ് താരങ്ങളില്‍ ഒരാളായ ഡിയാസിനെ ടീമിലെത്തിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കരുതുന്നുവെന്ന് ബയേണ്‍ മ്യൂണിക് ക്ലബ്ബ് സിഇഒ ജാന്‍-ക്രിസ്റ്റിയന്‍ ഡ്രീസെന്‍ പറഞ്ഞു. ജര്‍മനിയിലെ വമ്പന്‍ ടീമില്‍ എത്താന്‍ സാധിച്ചതില്‍ വലിയ സന്തോഷമെന്ന് ഡിയാസ് പ്രതികരിച്ചു. ടീമിനൊപ്പം സമ്പൂര്‍ണമായി ഇണങ്ങിച്ചേര്‍ന്ന് ഏല്ലാ ടൈറ്റിലുകളും നേടുകയെന്ന ലക്ഷ്യത്തോടെ പോരാടുമെന്നും താരം പറഞ്ഞു.
ഇക്കഴിഞ്ഞ മേയില്‍ അവസാനിച്ച ക്ലബ്ബ് ഫുട്‌ബോള്‍ സീസണില്‍ ഡിയാസ് ലിവറിനായി 50 മത്സരങ്ങളില്‍ കളിച്ചു. 17 ഗോളുകളും നേടി. ആര്‍നെ സ്ലോട്ടിന് കീഴില്‍ ലിവര്‍ 20-ാം പ്രീമിയര്‍ ലീഗ് ടൈറ്റില്‍ സ്വന്തമാക്കുമ്പോള്‍ ഓരോ മത്സരത്തിലും ഡിയാസിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്‍ നടന്ന ലിവര്‍-എസി മിലാന്‍ സൗഹൃദ ക്ലബ്ബ് ഫുട്‌ബോള്‍ മത്സരത്തില്‍ ഡിയാസ് കളിച്ചിരുന്നില്ല. പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലായിരുന്നു താരം.
ഡിയാസിന്റെ വരവ് ബയേണില്‍ ജമാല്‍ മുസിയാല ഇല്ലാത്തതിന്റെ കുറവ് ഒരു പരിധി വരെ നികത്താനായേക്കും. ക്ലബ്ബ് ലോകകപ്പിനിടെ പരിക്കേറ്റ മുസിയാലയുടെ ഒടിഞ്ഞ കാല് സുഖപ്പെടാന്‍ മാസങ്ങള്‍ വേണ്ടിവന്നേക്കും.









