

മക്കാവു: ഭാരത ബാഡ്മിന്റണ്‍ താരങ്ങളായ ആയുഷ് ഷെട്ടി, തരുണ്‍ മണ്ണേപള്ളി, ധ്രുവ് കപില- താനിഷ ക്രാസ്റ്റോ സഖ്യം എന്നിവര്‍ മക്കാവു ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ ആയുഷും തരുണും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്നലെ റൗണ്ട് ഓഫ് 32 മത്സരം വിജയിച്ചത്. വനിതാ സിംഗിള്‍സില്‍ ഉന്നതി ഹൂഡ അടക്കമുള്ള താരങ്ങള്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. പുരുഷ സിംഗിള്‍സില്‍ കിരണ്‍ ജോര്‍ജ്, ശങ്കര്‍ മുത്തുസ്വാമി എന്നിവരും തോറ്റ് പുറത്തായി.
ചൈനീസ് തായ്‌പേയിയുടെ ഹുവാങ് യു കായിയെ ആണ് ആയുഷ് ഷെട്ടി നേരിട്ടുള്ള സെറ്റിന് തകര്‍ത്തത്. 21-10, 21-11 എന്ന സ്‌കോറിന് പൂര്‍ത്തിയായ മത്സരം വെറും 31 മിനിറ്റേ നീണ്ടുള്ളൂ. കഴിഞ്ഞ മാസം യുഎസ് ഓപ്പണില്‍ മുത്തമിട്ട് ആയുഷ് കരിയറിലെ ആദ്യ ബിഡബ്ല്യുഎഫ് ടൈറ്റില്‍ സ്വന്തമാക്കിയിരുന്നു. പ്രീക്വാര്‍ട്ടറില്‍ ആയുഷിന്റെ എതിരാളി മലേഷ്യക്കാരന്‍ ജസ്റ്റിന്‍ ഹോഹ് ആണ്. ഭാരതത്തിന്റെ സതീഷ് കുമാര്‍ കരുണാകരനെ നേരിട്ടുള്ള സെറ്റിന് തോല്‍പ്പിച്ചാണ് ജസ്റ്റിന്‍ ഹോഹിന്റെ വരവ്
39 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് തരുണ്‍ മണ്ണേപള്ളി മറ്റൊരു ഭാരത താരം മന്‍രാജ് സിങ്ങിനെ കീഴടക്കിയത്. സ്‌കോര്‍ 21-19, 21-13. പ്രീക്വാര്‍ട്ടറില്‍ തരുണിന്റെ എതിരാളി ടോപ് സീഡ് താരമായ ഹോങ്കോങ്ങിന്റെ ലീ ചീക് യൂ ആണ്.
നിതാ സിംഗിള്‍സ് താരം ഉന്നതി ഹൂഡ പുറത്തായത് ഭാരതത്തിന് വലിയ നിരാശയായി. ഡെന്‍മാര്‍ക്കിന്റെ ഡവാല്‍ ജേക്കബ്‌സെന്‍ ആണ് ഉന്നതിയെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ശേഷം രണ്ടാം സെറ്റില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന ഗെയിമില്‍ പരാജയപ്പെട്ടു പുറത്തായി. വനിതാ സിംഗില്‍സിലെ വമ്പന്‍താരമായ ജപ്പാന്‍കാരി നൊസോമി ഒക്കുഹാരയ്‌ക്ക് മുന്നിലാണ് മറ്റൊരു ഭാരത വനിതാ സിംഗിള്‍സ് താരം ആകര്‍ഷി കശ്യപ് പരാജയപ്പെട്ടത്.
മിക്‌സഡ് ഡബിള്‍സില്‍ നേരിട്ടുള്ള ഗെയിം വിജയത്തോടെ ധ്രുവ് കപിലയും താനിഷ ക്രാസ്റ്റോയും ജയിച്ച് മുന്നേറിയത് ആവേശമുയര്‍ത്തി. തായിലന്‍ഡ് സഖ്യം റച്ചാപൊല്‍ മക്കാസാസിതോണ്‍-നറ്റാമന്‍ ലായിസ്വാന്‍ സഖ്യത്തെ സ്‌കോര്‍ 21-10, 21-15നാണ് ധ്രുവ്-താനിഷ സഖ്യം തകര്‍ത്തത്.
മറ്റൊരു ഭാരതതാരം ലക്ഷ്യ സെന്‍ നേരിട്ടുള്ള സെറ്റ് വിജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. എച്ച്.എസ്. പ്രണോയി ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി.









