

ലണ്ടന്‍: ഓവലില്‍ ഇന്ന് ആരംഭിക്കുന്ന ഭാരതം-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റില്‍ നായകന്‍ ബെന്‍ സ്റ്റോക്‌സ് കളിക്കില്ല. തോളിലെ പരിക്ക് കാരണം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റോക്‌സ് പിന്‍മാറി. സ്റ്റോക്സിന്റെ അഭാവത്തില്‍ ഒല്ലീ പോപ്പ് ടീമിനെ നയിക്കും.
നാലാം ടെസ്റ്റില്‍ കൂടുതല്‍ സമയം ബൗളിങ് ചെയ്യേണ്ടിവന്നതിനെ തുടര്‍ന്ന് സ്റ്റോക്‌സിന്റെ വലതു തോളിന്റെ പേശിയില്‍ പരിക്കേല്‍ക്കുകയായിരുന്നു. അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ അന്തിമ ഇലവനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ സ്റ്റോക്‌സ് ഉണ്ടായിരുന്നതാണ്. അതിന് പിന്നാലെയാണ് വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തില്‍ സ്റ്റോക്‌സ് വിശ്രമത്തിലിരിക്കാന്‍ തീരുമാനിച്ചത്. ആറാഴ്‌ച്ച വിശ്രമം വേണ്ടിവരുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം. സ്റ്റോക്‌സിന് പുറമെ മറ്റ് മൂന്ന് താരങ്ങളെ കൂടി മാറ്റിയിട്ടുണ്ട്. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡന്‍ കാഴ്‌സെ, സ്പിന്നര്‍ ലയാം ഡോസണ്‍ എന്നിവരെ മാറ്റി പകരം ഗസ് അറ്റ്കിന്‍സണ്‍, ജാമീ ഓവര്‍ട്ടണ്‍, ജോഷ് ടംഗ് എന്നിവര്‍ അന്തിമ ഇലവനിലിറങ്ങും. അഞ്ചാം ടെസ്റ്റിനുണ്ടാകില്ലെന്നറിയിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റോക്‌സ് വികാരാധീനനായി. പരമ്പര തീരും മുമ്പേ പിന്‍മാറേണ്ടിവരുന്നത് വലിയ വേദനയാണ്. ഇപ്പോള്‍ വിശ്രമിക്കട്ടെ, ആഷസ് പരമ്പരയ്‌ക്ക് മുമ്പ് പൂര്‍ണ സജ്ജനാകാന്‍ ശ്രമിക്കണം. നവംബര്‍ 21ന് ഓസ്‌ട്രേലിയയിലാണ് ഇത്തവണത്തെ ആഷസ് പരമ്പരയ്‌ക്ക് തുടക്കമിടുക.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലീ പോപ്പ്(ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജമീ സ്മിത്ത്(വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സണ്‍, ജാമീ ഓവര്‍ട്ടണ്‍, ജോഷ് ടംഗ്









