ന്യൂദല്‍ഹി: ഭാരത ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതല അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഭാരതീയനായ ഖാലിദ് ജമീലിന് നല്‍കി. 13 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ഭാരതീയന്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനായെത്തുന്നത്. ഇതിന് മുമ്പ് 2011-12 കാലത്ത് സാവിയോ മഡെയ്‌റ ആണ് ഈ പദവിയിലെത്തിയ ഭാരതീയന്‍. ഒരുവര്‍ഷത്തോളം ജയമില്ലാതെ സേവനം നടത്തിവന്ന മാനോലോ മാര്‍ക്വേസിന്റെ വിരസമായ കാലഘട്ടത്തിന് ശേഷമാണ് ഖാലിദ് ജമീല്‍ ചുമതല ഏല്‍ക്കുന്നത്. കഴിഞ്ഞ മാസം എഐഎഫ്എഫ് മാര്‍ക്വേസുമായി ആശയവിനിമയം നടത്തി പരസ്പര ധാരണപ്രകാരം കോച്ചായുള്ള സേവനത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ആഗോളതലത്തില്‍ പരിശീലക സ്ഥാനത്തേക്ക് എഐഎഫ്എഫ് അപേക്ഷ ക്ഷണിച്ചു. 170 അപേക്ഷകളാണ് ലഭിച്ചത്. ഭാരതത്തിന്റെ മുന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനും ടെക്നിക്കല്‍ ഡയറക്ടറുമായ ഐ.എം. വിജയന്റെ നേതൃത്വത്തില്‍ നടത്തിയ വിലയിരുത്തലുകള്‍ക്ക് ശേഷം മൂന്ന് പേരുടെ ചുരുക്കപട്ടിക തയ്യാറാക്കി. ഖാലിദ് ജമീലിനെ കൂടാതെ മുന്‍ ദേശീയ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്‍, സ്ലൊവാക്യയില്‍ നിന്നുള്ള സ്റ്റെഫാന്‍ ടാര്‍കോവിച് എന്നിവരും ഉള്‍പ്പെട്ടിരുന്നു. നാഷണല്‍ ടീം ഡയറക്ടര്‍ സുബ്രതാ പാലുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് കോച്ചിന്റെ കാര്യത്തില്‍ അന്തി മതീരുമാനത്തിലെത്തിയത്. നാടിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ അറിയുകയും അവയെ കൂട്ടിയിണക്കാന്‍ കഴിയുകയും ചെയ്യുന്നൊരാളാണെങ്കില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലുകളാണ് ഖാലിദിലേക്ക് എത്തിച്ചേര്‍ന്നത്.
ചെലവ് ചുരുക്കി ടീമിനെ ശക്തമാക്കാന്‍ കഴിയുന്ന അനുഭവ സമ്പത്ത്
ദീര്‍ഘകാലമായി കോച്ചിങ് കരിയറിലുള്ള 48കാരനായ ഖാലിദ് ജമീല്‍ നിലവില്‍ ജംഷെഡ്പുര്‍ എഫ്‌സിയുടെ പരിശീലകനാണ്. 2006ല്‍ പ്രമുഖ ഭാരത ഫുട്‌ബോള്‍ ക്ലബ്ബ് മഹീന്ദ്ര യുണൈറ്റഡിന്റെ താരമായിരുന്ന ഖാലിദ് 2017ഓടെയാണ് കോച്ചിങ് കരിയറില്‍ സജീവുമാകുന്നത് ഐസ്വാള്‍ എഫ്‌സിയുടെ കോച്ചായി. അങ്ങനെ ഐലീഗ് , ഐലീഗ് രണ്ട്, ഐഎസ് എല്‍ എന്നിവയിലേക്കെല്ലാം അതിവേഗം ഖാലിദ് ജമീല്‍ പരിശീലകനായി ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഒടുവിലിതാ ഭാരതത്തിന്റെ കോച്ചുമായിരിക്കുന്നു. 2023-24 സീസണില്‍ പാതിക്കുവച്ചാണ് ജംഷെഡ്പൂരിന്റെ ചുമതല ഏറ്റെടുക്കുന്നത്. അക്കൊല്ലം ടീമിന് 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നു. തൊട്ടടുത്ത സീസണില്‍ ട്രാന്‍സ്ഫറിനായി വലിയ തുകകള്‍ ചിലവഴിക്കാതെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കോച്ചിന് സാധിച്ചു. ലീഗ് ഘട്ടത്തില്‍ അഞ്ചാം സ്ഥാനത്ത് ജംഷെഡ്പുര്‍ ഫിനിഷ് ചെയ്തു. പ്ലേ ഓഫും കടന്ന് സെമി ഫൈനലിലെത്തുകയും ചെയ്തു. പിന്നീട് സൂപ്പര്‍ കപ്പില്‍ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറന്‍ഡ് കപ്പില്‍ ജംഷെഡ്പുര്‍ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പാക്കി കഴിഞ്ഞു. കോച്ചിന്റെ ഈ ചെലവു കുറഞ്ഞ ശൈലി കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകളെ വലിയ രീതിയില്‍ ആകര്‍ഷിച്ചിട്ടുണ്ട്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഭാരത പരിശീലകന്റെ സ്ഥാനത്തേത്ത് ഖാലിദിനെ തെരഞ്ഞെടുക്കാനിടയായത്.
അന്തിമ തീരുമാനവും ഭാരത ഫുട്‌ബോളിന്റെ സാമ്പത്തിക നിലയും
ഭാരതത്തിന്റെ പുതിയ കോച്ചായി ഖാലിദിനെ നിയമിക്കാന്‍ എഐഎഫ്എഫിനെ പ്രേരണയായത് ഭാരത ഫുട്‌ബോളിന്റെ സാമ്പത്തിക സ്ഥിതി കൂടിയാണ്. 2023ല്‍ 137.74 കോടി രൂപയുടെ വരുമാനമുണ്ടായിരുന്ന എഐഎഫ്എഫിന് 2024 വര്‍ഷത്തിലേക്ക് വരുമ്പോള്‍ 110.5 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. മുന്‍ പരിശീലകനായിരുന്ന ഇഗോര്‍ സ്റ്റിമാക്കിനെ ഒഴിവാക്കുന്നതിനായി നാല് ലക്ഷം ഡോളര്‍ വേണ്ടിവന്നു. അതിന് ശേഷം വന്ന മാര്‍ക്വേസ് ആകട്ടെ ഓരോ അന്താരാഷ്‌ട്ര വിന്‍ഡോയിലും നേടിക്കൊണ്ടിരുന്നത് പതിനായിരം ഡോളര്‍ വീതമാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ പരിചയ സമ്പന്നനായ ഒരു ഭാരത പരിശീലകന്റെ കൃത്യമായ പരിശീലന പാടവത്തിലൂടെ വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കാതെ തന്നെ ടീമിനെ ശക്തിപ്പെടുത്താന്‍ സാധിച്ചേക്കുമെന്ന് എഐഎഫ്എഫ് കണക്കു കൂട്ടുന്നു.
ആദ്യ കടമ്പ കാഫാ നേഷന്‍സ്
പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന്റെ ആദ്യ കടമ്പ ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന കാഫാ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ ആയിരിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് അപ്രതീക്ഷിതമായാണ് ഭാരതം ഇത്തവണത്തെ കാഫാ നേഷന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ നിലവിലെ ജേതാക്കളായ താജിക്കിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയ്‌ക്കെതിരേയാണ് ഭാരതം കളിക്കേണ്ടത്. നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 133-ാം സ്ഥാനത്താണ് ഭാരതം.