അമരാവതി ;1961 ൽ സ്ഥാപിതമായതിനുശേഷം കഴക്കൂട്ടം സൈനിക സ്കൂൾ ആദ്യമായി അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെൻ്റിൽ കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. കഴക്കൂട്ടം സൈനിക സ്കൂളിന്റെ കായിക ചരിത്രത്തിലെ ഒരു മഹത്തായ അധ്യായം അടയാളപ്പെടുത്തലാണ് ഈ കിരീട നേട്ടം.
ജൂലൈ 22 മുതൽ 30 വരെ അമരാവതി നഗർ സൈനിക സ്കൂൾ ആതിഥേയത്വം വഹിച്ച ദേശീയതല അണ്ടർ-17 ടൂർണമെന്റിൽ രാജ്യത്തുടനീളമുള്ള ഇൻട്രാ ഗ്രൂപ്പ് മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച ടീമുകൾക്കിടയിൽ കടുത്ത മത്സരം നടന്നു. ഫൈനലിൽ സൈനിക സ്കൂൾ ഭുവനേശ്വറിനെതിരെ 2-1നാണ് കഴക്കൂട്ടം സൈനിക സകൂൾ ആവേശകരമായ വിജയം കരസ്ഥമാക്കിയത്. സെമിഫൈനലിൽ തിലയ്യ സൈനിക സ്കൂളിനെ 3-0 ന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിത്. കേഡറ്റ് വികാസ് കുമാറിന്റെ നേതൃത്വത്തിൽ അണ്ടർ-17 വിഭാഗത്തിലെ ടൂർണമെന്റിലുടനീളം കഴക്കൂട്ടം സൈനിക സ്കൂൾ ടീം അസാധാരണമായ മനക്കരുത്ത്, ഏകോപനം, തന്ത്രപരമായ കഴിവ് എന്നിവ പ്രകടിപ്പിച്ചു. ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പറായി കേഡറ്റ് ദീപേഷ് ധക്കഡിനെ തെരഞ്ഞെടുത്തു.
പരിശ്രമത്തിന്റെയും അച്ചടക്കമുള്ള പരിശീലനത്തിന്റെയും ഫലമാണ് അവരുടെ ചരിത്രപരമായ ഈ വിജയം. ഈ ജയത്തോടെ, നവംബർ 26 മുതൽ ഡിസംബർ 06 വരെ ഡൽഹിയിൽ നടക്കുന്ന 53-ാമത് നെഹ്‌റു ജൂനിയർ ഹോക്കി ടൂർണമെന്റിലേക്ക് (അണ്ടർ-17) കഴക്കൂട്ടം സൈനിക സ്കൂൾ യോഗ്യത നേടി.
ആറ് പതിറ്റാണ്ടിലേറെയുള്ള ഒരു സ്വപ്നത്തിന്റെ സാക്ഷാത്കരിക്കപ്പെട്ട തിളക്കമാർന്ന പ്രതീകമായ എവർറോളിംഗ് ട്രോഫി ഇപ്പോൾ കഴക്കൂട്ടം സൈനിക സ്കൂളിന്റെ അഭിമായി ഉയർന്നു നിൽക്കുന്നു ശരിക്കും ചരിത്രപരവും കഠിനാധ്വാനം കൊണ്ട് നേടിയതുമാണ് ഈ വിജയം.