

പൂനെ : മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിന്റെ രണ്ടാം നിലയിലുള്ള ബിസിസിഐയുടെ ഔദ്യോഗിക വ്യാപാര സ്റ്റോറിൽ മോഷണം നടത്തിയ കുറ്റത്തിന് ഒരു സെക്യൂരിറ്റി ജീവനക്കാരനെതിരെ മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. വാങ്കഡെ സ്റ്റേഡിയത്തിന്റെ രണ്ടാം നിലയിലുള്ള സ്റ്റോറിൽ നിന്നുമായി 6.52 ലക്ഷം രൂപ വിലമതിക്കുന്ന 261 ഔദ്യോഗിക ഐപിഎൽ കളിക്കാരുടെ ജേഴ്‌സികളാണ് പ്രതി മോഷ്ടിച്ചത്. ഈ കേസിൽ സെക്യൂരിറ്റി ഗാർഡ് ഫാറൂഖ് അസ്ലം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
ബിസിസിഐ ജീവനക്കാരനായ മാഹിം നിവാസിയായ ഹേമാങ് ഭരത് കുമാർ അമിൻ (44) ആണ് പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു. വിവരമനുസരിച്ച് ഓരോ ജേഴ്‌സിയുടെയും വില ഏകദേശം 2500 രൂപയാണെന്ന് പറയുന്നു. പ്രതി ഈ സ്റ്റോക്ക് ഓൺലൈനായി വിറ്റു. എന്നിരുന്നാലും, ഈ മുഴുവൻ സ്റ്റോക്കും വിറ്റതിലൂടെ അയാൾ എത്ര പണം സമ്പാദിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അതേ സമയം പ്രതി ചൂതാട്ടത്തിനും അടിമയായിരുന്നുവെന്നും അതിൽ പണം നഷ്ടപ്പെട്ടതായും പറയപ്പെടുന്നു. ബിഎൻഎസ് 2023 സെക്ഷൻ 306 പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ 13 നാണ് മോഷണം നടന്നതെന്നും ജൂലൈ 17 നാണ് പരാതി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം മോഷ്ടിച്ച ജേഴ്സികൾ കഴിഞ്ഞ ഐപിഎൽ മത്സരത്തിൽ വിവിധ ടീമുകളിലെ കളിക്കാർ ധരിച്ചിരുന്നതാണ്. ഇത് വിത്പനയ്‌ക്ക് വേണ്ടി വച്ചിരിക്കുന്നതാണോ എന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.









