കൊച്ചി: ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) 130 കോടി നല്‍കിയിരുന്നുവെന്ന് മുഖ്യ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ടിവി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ എം.ഡി ആന്റോ അഗസ്റ്റിന്‍.
പണം വാങ്ങിയിട്ടും ടീം വരാതിരിക്കുകയാണെങ്കില്‍ അത് ചതിയാണ്. അതിനെതിരേ നിയമനടപടി സ്വീകരിക്കും. അര്‍ജന്റീന ടീം കേരളത്തില്‍ സന്ദര്‍ശനത്തിനെത്തില്ലെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന ടീം ഡിസംബറില്‍ ഭാരതത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ വരാതെ ഇന്ത്യയില്‍ മറ്റൊരിടത്തും മെസി എത്താന്‍ പോകുന്നില്ല. ഒക്ടോബറില്‍ വരുമോ എന്നറിയിക്കാന്‍ രണ്ടാഴ്‌ച്ച കൂടി കാത്തിരിക്കും. അതിന് ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി (എഎഫ്എ) കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ ആറിന് എഎഫ്എക്ക് 130 കോടി രൂപ നല്‍കി. 12ന് പണം ലഭിച്ചതായി അവര്‍ മെയില്‍ അയയ്‌ക്കുകയും ചെയ്തു. എല്ലാ അനുമതിയും എടുത്ത ശേഷമാണ് പണം നല്‍കിയത്. എഎഫ്എ പ്രസിഡന്റും സെക്രട്ടറിയുമായിട്ടായിരുന്നു കരാര്‍. ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ എത്താമെന്നായിരുന്നു ധാരണയെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. എന്നാല്‍ ഈ കരാറിന്റെ രേഖകള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല.
ഇപ്പോള്‍ അടുത്ത വര്‍ഷം സപ്തംബറില്‍ കളിക്കാന്‍ എത്തുന്ന തരത്തില്‍ കരാര്‍ മാറ്റാമോ എന്ന് ചോദിച്ചിട്ടുണ്ട്. അതിനോട് യോജിപ്പില്ല. മെസിയും സംഘവും വരികയാണെങ്കില്‍ ഈ വര്‍ഷം തന്നെ വരണം. അടുത്തവര്‍ഷം എത്തുന്നതിനോട് യോജിപ്പില്ലെന്നും അത്തരത്തില്‍ വന്നാല്‍ അത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും ആന്റോ അഗസ്റ്റിന്‍ കൊച്ചിയില്‍ അറിയിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളി നടത്താനുള്ള എല്ലാം ഒരുക്കങ്ങളും ചെയ്തിരുന്നു. കേരളത്തിന്റെ സാധ്യതകള്‍ മനസിലാക്കി വിലപേശലിനുള്ള ശ്രമമാണിതെന്നാണ് സംശയിക്കുന്നത് ആന്റോ അഗസ്റ്റിന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം കായികമന്ത്രി വി. അബ്ദുറഹ്‌മാനാണ് മെസിയുടെ ടീം ഈ വര്‍ഷം കേരളത്തിലെത്തില്ലെന്ന് പറഞ്ഞത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ഫുട്‌ബോള്‍ ടീമും സ്‌പോണ്‍സര്‍മാരും ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.