പാകിസ്ഥാൻ: കടക്കെണിയിൽ മുങ്ങിത്താഴുന്ന സമ്പദ്‌വ്യവസ്ഥയും നിരന്തരമായ രാഷ്ട്രീയ അശാന്തിയും ശക്തമാകുന്ന ഭീകരവാദവും കൊണ്ട് നട്ടംതിരിയുന്ന പാകിസ്ഥാൻ ചന്ദ്രനിലിറങ്ങുമെന്ന് പ്രഖ്യാപനം. 2035 ഓടെ ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പാകിസ്ഥാന്റെ പ്രഖ്യാപനം. പാക് ബഹിരാകാശ ഏജൻസിയായ സുപാർകോയ്ക്കാണ് (SUPARCO) ഇതിന്റെ ചുമതല. സ്വന്തമായി ഇതുവരെ ഒരു ഉപഗ്രഹം പോലും വിക്ഷേപിച്ചിട്ടില്ലാത്ത ബഹിരാകാശ ഏജൻസിയാണ് സുപാർകോ എന്നതാണ് ഏറെ രസകരം. സാമ്പത്തിക – രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഇത്തരം ഒരു പ്രസ്താവന നടത്താൻ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നത് ചൈനയാണ്. പാകിസ്ഥാന്റെ ഉപഗ്രഹ വിക്ഷേപണം മുതൽ ആണവ സാങ്കേതികവിദ്യ വരെ ഉള്ളവയ്ക്ക് പിന്നിലെ ചാലകശക്തി ബെയ്ജിങ് ആണ്.
പാക് മന്ത്രി അഹ്സൻ ഇഖ്ബാൽ ബെയ്ജിങ് സന്ദർശനത്തിനിടെയാണ് ചാന്ദ്രദൗത്യം പ്രഖ്യാപിച്ചത്. ചൈനീസ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അഹ്സൻ ഇഖ്ബാൽ ഈ പ്രഖ്യാപനം നടത്തിയത്. സുപാർകോയ്ക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞർക്ക് പകരം വിരമിച്ച സൈനിക ജനറൽമാരാണ് സുപാർകോയെ നയിക്കുന്നത് എന്നതാണ് വിചിത്രമായകാര്യം. ചൈനയുടെ ആറ്റോമിക് എനർജി അതോറിറ്റിയുടെയും ബഹിരാകാശ ഏജൻസിയുടെയും തലവനായ ഷാൻ സോങ്ഡെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി പാക് മന്ത്രി കൂടിക്കാഴ്ചകൾ നടത്തി. പാകിസ്ഥാന്റെ ബഹിരാകാശ, ആണവ ശേഷിയിലെ വലിയ വിടവുകൾ നികത്തുക എന്നതാണ് ഇതിന്റെയെല്ലാം ലക്ഷ്യം.
ALSO READ: ഇതാവുമോ ‘മനുഷ്യന്റെയും’ ഭാവി? ആശങ്കയുയർത്തി പരിണാമത്തിന്റെ ‘വിചിത്രമായ’ പാത!
പാകിസ്ഥാനിൽ നിർമ്മിച്ച മൂന്ന് ഉപഗ്രഹങ്ങൾ ചൈനയുടെ സഹായത്തോടെയാണ് വിക്ഷേപിച്ചതെന്ന് ആസൂത്രണ മന്ത്രി അഹ്സൻ ഇഖ്ബാൽ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സ്വന്തമായി ഒരു വിക്ഷേപണ വാഹനവുമില്ലെങ്കിലും ചൈനയുടെ ബഹിരാകാശ പേടകത്തിൽ 2026-ഓടെ തങ്ങളുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ അയക്കാനും അവർക്ക് പദ്ധതിയുണ്ട്. കാലാവസ്ഥാ ഭീഷണികളെ നേരിടാൻ ലക്ഷ്യമിട്ട് കഴിഞ്ഞ മാസം പാകിസ്ഥാന്റെ പുതിയ റിമോട്ട് സെൻസിംഗ് ഉപഗ്രഹം ചൈനയിലെ ഷിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് വിക്ഷേപിച്ചിരുന്നു. അത് പാക് പതാക വഹിച്ചിരുന്നുവെങ്കിലും സാങ്കേതിക കരുത്ത് ചൈനയുടേതായിരുന്നു.
2028-ൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ നിലയത്തിന്റെ (ILRS) ഭാഗമായ ചൈനയുടെ ചാങ്ഇ 8 ദൗത്യത്തിൽ പങ്കെടുക്കാൻ ഈ വർഷം ആദ്യം പാകിസ്ഥാൻ കരാർ ഒപ്പിട്ടിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവം പര്യവേക്ഷണം ചെയ്യാൻ തദ്ദേശീയ റോവർ സുപാർകോ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ പിന്തുണ ലഭിക്കുമ്പോഴും പാക് ബഹിരാകാശ ഏജൻസിയെ പിന്നോട്ട് വലിക്കുന്ന നിരവധി ഘടകങ്ങളാണുള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
ALSO READ: പുതിയ സ്‌മാര്‍ട്ട്‌ഫോണിന്‍റെ വരവ് പ്രഖ്യാപിച്ച് പോക്കോ
1961 സെപ്റ്റംബർ 16 നാണ് പാകിസ്ഥാൻ ഔദ്യോഗികമായി ബഹിരാകാശ പദ്ധതി ആരംഭിച്ചത്. അന്നത്തെ പ്രസിഡന്റ് അയൂബ് ഖാന്റെ ശാസ്ത്ര ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച നോബൽ സമ്മാന ജേതാവ് ഡോ. അബ്ദുസ് സലാമിന്റെ നേതൃത്വത്തിലായിരുന്നു ഇത്. അദ്ദേഹം സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷൻ (SUPARCO) സ്ഥാപിച്ചു. അത് പാകിസ്ഥാന്റെ ബഹിരാകാശ ഗവേഷണത്തിലെ ആദ്യകാല സംരംഭങ്ങളിലൊന്നായി മാറ്റി.
The post ചാന്ദ്രദൗത്യവുമായി പാകിസ്ഥാൻ; 2035-ഓടെ ചന്ദ്രനിൽ ഇറങ്ങുമെന്നും പ്രഖ്യാപനം appeared first on Express Kerala.