ക്വറ്റോ: അടിക്ക് തിരിച്ചടികള്‍, ഓണ്‍ ഗോള്‍, ഇന്‍ജുറി ടൈം ഗോള്‍, അധികസമയ ഗോള്‍, ഷൂട്ടൗട്ട്, പെനാല്‍റ്റി സേവ്, സഡന്‍ ഡെത്ത് എല്ലാം ചേര്‍ന്നൊരു ത്രില്ലര്‍ കാഴ്‌ച്ചവിരുന്നായിരുന്നു ഇന്നലത്തെ വനിതാ കോപ്പ അമേരിക്ക ഫൈനല്‍. ഒടുവില്‍ ഷൂട്ടൗട്ടില്‍ 5-4ന് കൊളംബിയയെ തോല്‍പ്പിച്ച് ബ്രസീല്‍ കപ്പുയര്‍ത്തി. ഒമ്പതാം കോപ്പ അമേരിക്ക ഫെമിനിന കിരീടം. ആകെ പത്തെണ്ണം നടന്നതില്‍ 2006ല്‍ മാത്രം അര്‍ജന്റീന ജേതാക്കളായിട്ടുണ്ട്.
ഫൈനലിന്റെ നിശ്ചിത സമയ മത്സരം 3-3 സമനിലയിലായതോടെയാണ് അധികസമയത്തിലേക്ക് കളി നീണ്ടത്. അരമണിക്കൂര്‍ മത്സരത്തില്‍ ഓരോ ഗോള്‍ സമനില. മത്സരം വീണ്ടും 4-4ല്‍. പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ ഏഴാമത്തെ കിക്കില്‍ ബ്രസീലിന്റെ ലുവാനിയ ഗോള്‍വല ഭേദിച്ചതോടെ ഇക്വഡോറിലെ ക്വിറ്റോയില്‍ ബ്രസീലിയന്‍ ആഘോഷത്തിനായുള്ള ലോങ് വിസില്‍ മുഴങ്ങി. ഈ നിമിഷത്തിന് ബ്രസീലിനെ സജ്ജമാക്കിയത് ഷൂട്ടൗട്ടില്‍ രണ്ട് തകര്‍പ്പന്‍ സേവുകള്‍ നേടത്തിയ ഗോള്‍ കീപ്പര്‍ കാത്തെറിന്‍ ടാപ്പിയ. ഷൂട്ടൗട്ടില്‍ ഒരവസരം നഷ്ടപ്പെടുത്തിയെങ്കിലും നിശ്ചിത സമയത്ത് 2-3ന് തോറ്റു നിന്ന ബ്രസീലിന് അധികസമയത്തിലേക്കും ഷൂട്ടൗട്ടിലേക്കും ജീവന്‍ പകര്‍ന്ന സൂപ്പര്‍ താരം മാര്‍ത്തയുടെ ഇരട്ട ഗോളുമായിരുന്നു. അല്ലെങ്കില്‍ കൊളംബിയ കന്നി കിരീടം ആഘോഷിക്കുമായിരുന്നു.
നിശ്ചിത സമയ മത്സരത്തിന്റെ സ്‌റ്റോപ്പേജ് സമയത്ത് 90+6-ാം മിനിറ്റിലായിരുന്നു മാര്‍ത്തയുടെ ആദ്യ ഗോള്‍. സ്‌റ്റോപ്പേജ് സമയം രണ്ട് മിനിറ്റ് കൂടി നീണ്ടു. മത്സരം സമനിലയിലായതിനെ തുടര്‍ന്ന് അധികസമയത്തിലേക്ക്. 105-ാം മിനിറ്റില്‍ വീണ്ടും മാര്‍ത്ത ബ്രസീലിനെ മത്സരത്തില്‍ ആദ്യമായി മുന്നിലെത്തിച്ചു. പക്ഷെ പത്ത് മിനിറ്റിനകം ലെയ്‌സി സാന്റോസ് കൊളംബിയക്ക് സമനില സമ്മാനിച്ചു.
നേരത്തെ ലിന്‍ഡ കായിസെഡോ കൊളംബിയയെ മുന്നിലെത്തിച്ചുകൊണ്ട് 25-ാം മിനിറ്റില്‍ മത്സരത്തിന്റെ ഡെഡ്‌ലോക്ക് ബ്രേക്ക് ചെയ്തു. ആദ്യപകുതിയുടെ സ്റ്റോപ്പേജ് സമയത്തെ ഗോളിലൂടെ ബ്രസീലിനായി ആഞ്ചെലീന സമനില സമ്മാനിച്ചു.
രണ്ടാം പകുതിയില്‍ ബ്രസീലിയന്‍ ബാക്ക് ടാര്‍സിയാനെ നല്‍കിയ മൈനസ് അബദ്ധവശാല്‍ ഗോള്‍ വലയ്‌ക്കുള്ളില്‍ കയറി. 69-ാം മിനിറ്റില്‍ കൊളംബിയ വീണ്ടും ലീഡ് ചെയ്തു. 80-ാം മിനിറ്റില്‍ അമാന്‍ഡ ഗ്വട്ടിറസ് ബ്രസീലിനെ പിന്നെയും ഒപ്പമെത്തിച്ചു(2-2). 90 മിനിറ്റെത്താന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ കൊളംബിയ ബ്രസീല്‍ നഞ്ചകം തകര്‍ത്തുകൊണ്ട് ലീഡ് നേടി. മരിയ റാമിറെസ് സ്‌കോര്‍ ചെയ്തു. കിരീടനൃത്തത്തിനൊരുങ്ങിയ കൊളംബിയന്‍ നിരയ്‌ക്ക് നടുവിലേക്ക് പിന്നീട് മാര്‍ത്ത പെയ്തിറങ്ങി. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം മാര്‍ത്ത ബ്രസീലിനൊപ്പം ആഘോഷിക്കുന്ന നാലാം കോപ്പ കിരീടമാണിത്. 39-ാം വയസില്‍ കരിയറിന്റെ അവസാന ദിവസങ്ങളിലാണ് താരത്തിന്റെ ഈ അത്യുഗ്രന്‍ ആഘോഷപ്രകടനം.