ലണ്ടന്‍: പരമ്പര സമനിലയിലാക്കാന്‍ ഭാരതം ഇംഗ്ലണ്ടിന് മുന്നില്‍ വെല്ലുവിളിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി. മൂന്നാം ദിവസത്തെ മത്സരം മൂന്നാം സെഷനില്‍ പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ടിന് മുന്നില്‍ വച്ചിരിക്കുന്ന ലക്ഷ്യം 373. രണ്ടാം ഇന്നിങ്‌സിലെ ഭാരത സ്‌കോര്‍ 396.
ആദ്യം ബാറ്റ് ചെയ്ത ഭാരതം 224 റണ്‍സില്‍ പുറത്തായതാണ്. അതിനെതിരെ ശക്തമായ തുടങ്ങിയ ആതിഥേയര്‍ ഒടുവില്‍ 247 റണ്‍സില്‍ ഓള്‍ഔട്ടായി.
മൂന്നാം ദിവസമായ ഇന്നലെ രാവിലെ അര്‍ദ്ധസെഞ്ച്വറി പിന്നിട്ട യശസ്വി ജയ്‌സ്വാളും(51) തലേന്ന് ഭാരതത്തിന്റെ രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് വീണ സാഹചര്യത്തില്‍ ക്രീസിലേക്ക് നൈറ്റ് വാച്ച്മാനായെത്തിയ ആകാശ് ദീപ് (നാല്) ആയിരുന്നു ക്രീസില്‍. രാവിലെ തന്നെ ഇംഗ്ലണ്ട് ബൗളര്‍മാരുടെ മനോവീര്യം കെടുത്തിക്കൊണ്ട് നൈറ്റ് വാച്ച്മാന്‍ ആകാശ് നിറഞ്ഞാടി. റണ്‍സ് അടിച്ചുകയറ്റുന്ന ശൈലി നിര്‍ത്തിവച്ച് ജയ്‌സ്വാള്‍ ആകാശിന് പിന്തുണ നല്‍കിക്കൊണ്ടിരുന്നു. ഒടുവില്‍ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു. മൂന്നാം വിക്കറ്റില്‍ 107 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. 66 റണ്‍സെടുത്ത ആകാശ് ജാമീ ഓവര്‍ട്ടണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
പിന്നീട് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്(11) അധികമൊന്നും പിടിച്ചുനില്‍ക്കാനായില്ല. കരുണ്‍ നായര്‍(17) വീണ്ടും നിരാശപ്പെടുത്തി. സെഞ്ച്വറി തികച്ച ജയ്‌സ്വാള്‍ 118 റണ്‍സെടുത്ത് മടങ്ങി. പിന്നീട് രവീന്ദ്ര ജഡേജ(54) ധ്രുവ് ജുറെലിനെ(34) കൂട്ടുപിടിച്ച് പൊരുതി. ഏഴാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറുമായി ചേര്‍ന്ന് ജഡേജ മികച്ചൊരു കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെന്ന നിലയിലെത്തിനില്‍ക്കെ സുന്ദര്‍ തകര്‍പ്പന്‍ ഷോട്ടുകളിലൂടെ ഭാരത ലീഡ് അനായാസം 350 കടത്തി. ടോട്ടല്‍ 400ലേക്കെത്തുമെന്ന് തോന്നിച്ച അവസരത്തില്‍ പുറത്താകുകയും ചെയ്തു. 53 റണ്‍സായിരുന്നു സുന്ദറിന്റെ വിലപ്പെട്ട സംഭാവന.
ഇംഗ്ലണ്ടിനായി ജോഷ് ടംഗ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഗസ് അറ്റ്കിന്‍സണ്‍ മൂന്നും ജാമീ ഓവര്‍ടണ്‍ രണ്ടും വിക്കറ്റുകള്‍ നേടി.