ന്യൂഡല്‍ഹി: സമീപകാലത്ത് ഭാരതം ആതിഥേയരാകുന്ന ഏറ്റവും വലിയ അത്‌ലറ്റിക്‌സ് ഇവന്റ് ഞായറാഴ്ച. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന വേള്‍ഡ് അത്ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂറില്‍ 15 രാജ്യങ്ങളില്‍നിന്നുള്ള അത്‌ലറ്റുകള്‍ പങ്കെടുക്കുമെന്ന് അത്ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്ഐ) പ്രസിഡന്റ് ബഹാദൂര്‍ സിംഗ് സാഗു പറഞ്ഞു. ഒഡീഷ സര്‍ക്കാരും എഎഫ്ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ആഗോള മത്സരത്തിന് 25,000 ഡോളര്‍ ആണ് സമ്മാനത്തുക.
ഭാരതത്തിന്റെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ടോക്കിയോ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുകയാണെന്ന് എഎഫ്ഐ പ്രസിഡന്റ് പറഞ്ഞു.
സെപ്റ്റംബര്‍ 13 മുതല്‍ 21 വരെ ജപ്പാനില്‍ നടക്കുന്ന ടോക്കിയോ ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനായി പത്തിലധികം ഭാരത അത്ലറ്റുകള്‍ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. 90ലധികം ഭരത അത്‌ലറ്റുകള്‍ ഞായറാഴ്ച ഇറങ്ങും. യോഗ്യത നേടാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 24 ആണ്. അതുകൊണ്ടുതന്നെ യോഗ്യതയ്‌ക്കായുള്ള അവസാന അവസരം കൂടിയാണിത്. ഭാരതത്തിന്റെ ദേശീയ റെക്കോര്‍ഡ് താരങ്ങളായ അനിമേഷ് കുജുര്‍, മധ്യദൂര ഓട്ടക്കാരന്‍ മുഹമ്മദ് അഫ്സല്‍ എന്നിവരും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജാവലിന്‍ ത്രോ താരം സച്ചിന്‍ യാദവ് 86 മീറ്റര്‍ ദൂരം മറികടക്കാന്‍ ആഗ്രഹിക്കുന്നു. ഗുമിയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുമ്പോള്‍ യാദവിന്റെ സീസണിലെയും മികച്ച വ്യക്തിഗത പ്രകടനവും കാഴ്ചവച്ച് 85.16 മീറ്റര്‍ കൈവരിച്ചിരുന്നു.
”ഏകദിന മീറ്റിംഗ് ഷെഡ്യൂളില്‍ ഒരു ത്രോയും ഒരു ജമ്പ്് ഇനവും ഉള്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. വനിതാ ഗ്രൂപ്പിലെ അഞ്ച് ഇനങ്ങള്‍ ഉള്‍പ്പെടെ മത്സരത്തില്‍ കുറഞ്ഞത് 12 ഇനങ്ങള്‍ ഉണ്ടായിരിക്കണം. വേള്‍ഡ് അത്ലറ്റിക്‌സിന്റെ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഏകദിന കോണ്ടിനെന്റല്‍ ടൂറിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 30 മിനിറ്റും ആയതിനാല്‍ ചില ഇവന്റുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല,” എഎഫ്ഐ പ്രസിഡന്റ് പറഞ്ഞു.
ഒഡീഷ സര്‍ക്കാരിന്റെ കായിക കമ്മീഷണറും സെക്രട്ടറിയുമായ സച്ചിന്‍ രാമചന്ദ്ര ജാദവ്, ഏകദിന ആഗോള മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി പറഞ്ഞു. ‘ആഗോള മത്സരങ്ങള്‍ നടത്താന്‍ ഒഡീഷയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ട്,’ -ജാദവ് പറയുന്നു.
പങ്കെടുക്കുന്ന രാജ്യങ്ങള്‍
ഭാരതം (ആതിഥേയ രാജ്യം), മലേഷ്യ, ഇറാഖ്, ഫിലിപ്പീന്‍സ്, നേപ്പാള്‍, പാപുവ ന്യൂ ഗിനിയ, ദക്ഷിണാഫ്രിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, പോര്‍ച്ചുഗല്‍, സൊമാലിയ, ഇറാന്‍, യുകെ, ഭൂട്ടാന്‍, ജിബൂട്ടി, തുര്‍ക്ക്‌മെനിസ്ഥാന്‍, ഓസ്‌ട്രേലിയ, ശ്രീലങ്ക