അര്‍ജന്റൈന്‍ ദേശീയ ടീമിന്റെയും സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അക്ഷരാര്‍ഥത്തില്‍ സംസ്ഥാന കായികവകുപ്പ് പിടിച്ച പുലിവാലായി മാറിയിരിക്കുകയാണ്. അര്‍ജന്റൈന്‍ ടീമിന്റെ വരവു സംബന്ധിച്ച പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ച സാഹചര്യത്തില്‍ ഇത്രയും നാള്‍ കായിക മന്ത്രിയും കൂട്ടരും എന്തടിസ്ഥാനത്തിലാണ് മെസിയും സംഘവും കേരളത്തിലെത്തുമെന്ന് സാധാരണക്കാരായ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉറപ്പ് കൊടുത്തത് എന്ന ചോദ്യമാണ് ഉയരുന്നത്. സര്‍ക്കാര്‍ നേതൃത്വം നല്‍കി മെസിയെയും സംഘത്തെയും കൊണ്ടുവരുന്നു എന്നതില്‍ മാത്രമാണ് ജനങ്ങള്‍ വിശ്വസിക്കേണ്ടത്. അല്ലാതെ സ്‌പോണ്‍സര്‍ നല്‍കുന്ന ഉറപ്പോ വിശദീകരണങ്ങളോ ഒന്നുമല്ല. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ട പ്രധാന ചോദ്യങ്ങളുണ്ട്.
അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഭഗത്തുനിന്ന് ഉറപ്പ് ലഭിക്കാതെ എന്തടിസ്ഥാനത്തിലാണ് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ തുടരെത്തുടരെ മെസി വരും മെസി വരും എന്നു നാടുനീളെ നടന്ന് പ്രഖ്യാപനം നടത്തിയതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതും?. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന് നല്‍കേണ്ട തുക യഥാസമയത്ത് നല്‍കിയില്ല എന്ന് തെളിയിക്കുന്നതാണ് ഏപ്രില്‍ മാസത്തില്‍ ഇതുസംബന്ധിച്ച് വ്യക്തത തേടി സര്‍ക്കാര്‍ രണ്ട് തവണ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിനയച്ച കത്തുകള്‍. എന്തുകൊണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത്തായില്ല? എല്ലാ കാര്യങ്ങളും സ്‌പോണ്‍സര്‍ പറയുന്നതുപോലെ നടക്കുമെന്നു വിചാരിച്ച മന്ത്രി ആരാധകരെയല്ലേ പറ്റിച്ചത്. സ്‌പോണ്‍സര്‍ അഡ്വാന്‍സ് തുക അടച്ച ഉടനേ മെസി വരും ട്ടാ..! എന്നു പറഞ്ഞ് ഫേസ് പോസ്റ്റിടാന്‍ മന്ത്രി എന്ന നിലയില്‍ എങ്ങനെയാണ് സാധിക്കുന്നത്.
വിനയായത് കാലതാമസം
അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തങ്ങളുടെ ടീം വരുന്നതുമായി ബന്ധപ്പെട്ട് ഉറപ്പ് നല്‍കാത്തതിനു പിന്നില്‍ അഡ്വാന്‍സ് തുക അടയ്‌ക്കാന്‍ വന്ന കാലതാമസമാണെന്ന് ജന്മഭൂമി നടത്തിയ അന്വേഷണത്തില്‍ മനസ്സിലാകുന്നു. ഏപ്രില്‍ മാസത്തില്‍ അഡ്വാന്‍സ് പണം നല്‍കണമെന്നായിരുന്നു അര്‍ജന്റീനയുടെ ആവശ്യം. എന്നാല്‍, ജൂണ്‍ ആറിന് മാത്രമാണ് പണം അയച്ചതെന്ന് റിപ്പോര്‍ട്ടിങ് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എംഡി ആന്റോ അഗസ്റ്റിന്‍ പറയുമ്പോള്‍ അതില്‍നിന്നു തന്നെ വ്യക്തമല്ലേ പണം അടയ്‌ക്കാന്‍ രണ്ടര മാസത്തോളം വൈകിയെന്നത്. ആ കാരണത്താല്‍ത്തന്നെ ടീമിന് വരാതിരിക്കാന്‍ കഴിയില്ലേ.അതുപോലെ പൊതുതാത്പര്യമുള്ള വിഷയമാകുമ്പോള്‍ കരാര്‍ വ്യവസ്ഥകള്‍ പുറത്തുവിടാനാവില്ലെന്നു പറയാനാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ലോകകപ്പ് കഴിഞ്ഞു വരുന്ന സപ്തംബറില്‍ എത്തിയാല്‍ പോരേ എന്നു ചോദിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കത്തയച്ചു എന്ന് ആന്റോ അഗസ്റ്റില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നുണ്ട്. കരാറിന്റെ ഭാഗമേ അല്ലാത്ത ഇക്കാര്യത്തിലെ തെളിവായി ആ മെയില്‍ പുറത്തുവിടുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. അതും അദ്ദേഹം ചെയ്തിട്ടില്ല.
സര്‍ക്കാരിന്റെ ശ്രമം
മെസിയെകൊണ്ടുവരുന്ന തുടക്കത്തിലേ സര്‍ക്കാര്‍ മികച്ച ശ്രമമാണ് നടത്തിയത്. കേരളത്തില്‍ കൡക്കാനായി ലോകകപ്പ് ജയിച്ച അര്‍ജന്റീനയെ ക്ഷണിച്ചതും അതിനവര്‍ അനുകൂലമായി പ്രതികരിച്ചതുമൊക്കെ ശരിതന്നെ. ഇക്കാര്യത്തില്‍ സ്‌പെയിനിലെത്തി അവരുടെ മാര്‍ക്കറ്റിങ് ഹെഡുമായി കരാര്‍വച്ചതും ശരിയാണ്. എന്നാല്‍, അതിനു ശേഷമാണ് കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. മെസിയും ടീമുമെത്താന്‍ ചുരുങ്ങിയത് അഞ്ഞൂറ് കോടി രൂപയെങ്കിലും ചെലവാകുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രാഥമിക കണക്കുകൂട്ടല്‍. എന്നാല്‍, സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകയും സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ കഴിയുന്ന കായിക താരങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം പോലും നല്‍കാന്‍ പണമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെസി കൊണ്ടുവരാന്‍ കോടികള്‍ മുടക്കിയാല്‍ അത് വലിയ വിവാദത്തിലേക്ക് നയിക്കുമെന്നുള്ളതുകൊണ്ടാണ് സ്‌പോണ്‍സറര്‍മാരെ കണ്ടെത്താന്‍ ശ്രമിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനും പണം മുടക്കാമെന്നേല്‍ക്കുകയും ചെയ്തു. എന്നാല്‍, പണം മുടക്കാന്‍ സാധിച്ചാലും ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ക്കാവില്ല എന്നു മനസ്സിലാക്കിയാവണം അവര്‍ പിന്മാറുന്നത്. ഈ ഘട്ടത്തിലാണ് റിപ്പോര്‍ട്ടിങ് ബ്രോഡ്കാസ്റ്റിങ് കമ്പനി സ്‌പോണ്‍സററായി എത്തുന്നത്. അവരുടെ അവകാശ വാദങ്ങള്‍ സര്‍ക്കാര്‍ വിശ്വസിച്ചതാണ് വിഷയം ഇത്രത്തോളം സങ്കീര്‍ണമാക്കിയത്. ചുരുക്കത്തില്‍ അര്‍ജന്റീനയുടെ വരവില്‍ പുലിവാല് പിടിച്ചത് സംസ്ഥാന സര്‍ക്കാരും കായിക മന്ത്രിയുമാണ്.
ആന്റോ അഗസ്റ്റിന്‍ യുഎഇയിലേക്ക്
ഫിഫ അധികൃതരുമായി വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനായി ഇന്ന് യുഎഇയിലേക്ക് പോവുകയാണെന്ന് റിപ്പോര്‍ട്ടിങ് ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍ ജന്മഭൂമിയോടു പറഞ്ഞു. എന്നാല്‍, ഫിഫ കലണ്ടറില്‍ ഉള്‍പ്പെടേണ്ട ഒരു മത്സരത്തെക്കുറിച്ച് ഔദ്യോഗികമായി ഒരു സംഭാഷണത്തിന് ഇത്രയും വൈകുന്നത് തന്നെ പ്രതികൂല ഫലമാകും ഉണ്ടാക്കുക. നിലവിലെ സാഹചര്യത്തില്‍ മെസിയും സംഘവും കേരളത്തിനെത്താനുള്ള സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞു എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. മാത്രവുമല്ല, ഒക്ടോബര്‍, നവംബര്‍ വിന്‍ഡോയില്‍ അര്‍ജന്റീന ടീം ചൈനയില്‍ രണ്ട് മത്സരങ്ങളും അംഗോള, ഖത്തര്‍ എന്നിവിടങ്ങളില്‍ ഓരോ മത്സരവും കളിക്കുമെന്ന് എഎഫ്എയെ ഉദ്ധരിച്ച് പ്രശസ്ത മാധ്യമസ്ഥാപനമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അര്‍ജന്റീന വരുന്നതുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതുവരെയും ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അവര്‍ കളിക്കുമെങ്കില്‍ ആ വിവരം ആദ്യം അറിയേണ്ടവരും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ്.