ന്യൂദല്‍ഹി: ഭാരതത്തിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ സൂപ്പര്‍ കപ്പ് അധികം വൈകാതെ നടക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്). ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) സീസണ്‍ അനിശ്ചിതത്ത്വത്തിലായിരിക്കുകയും അതിന്റെ ഭാവി കോടതി നടപടികള്‍ അടക്കമുള്ളവയെ ആശ്രയിച്ചുമിരിക്കുന്നതിനാല്‍ ഐഎസ്എല്‍ തുടങ്ങേണ്ട ഒക്ടോബര്‍ മാസത്തില്‍ തന്നെ കിക്കോഫ് നടത്തുന്ന വിധത്തിലാണ് സൂപ്പര്‍ കപ്പ് വിഭാവനം ചെയ്യുന്നതെന്ന് എഐഎഫ്എഫ് അധ്യക്ഷന്‍ കല്യാണ്‍ ചൗബേ പറഞ്ഞു.
ഐഎസ്എല്‍ ക്ലബ്ബ് മേധാവികളുമായി ഇന്നലെ നടത്തിയ യോഗത്തിന് ശേഷമാണ് ചൗബേ സൂപ്പര്‍ കപ്പ് അതിവേഗം നടത്താനുള്ള തീരുമാനമെടുത്ത വിവരം അറിയിച്ചത്. ഐഎസ്എല്‍ നടക്കുമോയെന്ന കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല. അതിന് മുമ്പേ സൂപ്പര്‍ കപ്പ് നടത്താനാണ് എഐഎഫ്എഫ് ആലോചിക്കുന്നത്. ഓരോ ക്ലബ്ബുകള്‍ക്കും അവരവരുടെ താരങ്ങളെ വിളിച്ചു ചേര്‍ത്ത് തയ്യാറെടുപ്പുകള്‍ നടത്താന്‍ ആറ് മുതല്‍ എട്ട് ആഴ്‌ച്ച വരെ സമയം അനുവദിക്കണം. തുടര്‍ന്നുള്ളൊരു ദിവസത്തേക്കായിരിക്കും സൂപ്പര്‍ കപ്പിന്റെ കിക്കോഫ് നിശ്ചയിക്കുക. സൂപ്പര്‍ കപ്പ് ജേതാക്കളായിരിക്കും എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് രണ്ടിനുള്ള പ്രാഥമിക റൗണ്ടിന് അര്‍ഹത നേടുക.
ഒരാഴ്‌ച്ചയ്‌ക്കകം അല്ലെങ്കില്‍ രണ്ടാഴ്‌ച്ചയ്‌ക്കകം വീണ്ടും എല്ലാ ഐഎസ്എല്‍ ക്ലബ്ബ് അധികൃതരുമായും വീണ്ടുമൊരു യോഗം നടത്തും. ആ യോഗത്തില്‍ സൂപ്പര്‍ കപ്പിന്റെ ഫിക്‌സര്‍ നിശ്ചയിക്കപ്പെടുമെന്ന് കല്യാണ്‍ ചൗബേ അറിയിച്ചു. മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായായിരിക്കും ഇത്തവണത്തെ സൂപ്പര്‍ കപ്പ്. കഴിഞ്ഞ മാസം 28ന് വിവിധ ഐഎസ്എല്‍ ക്ലബ്ബുകള്‍ ലീഗ് സംബന്ധിച്ച അനിശ്ചിതത്ത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് ഇന്നലെ എഐഎഫ്എഫ് യോഗം വിളിച്ചുചേര്‍ത്തത്. വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. കേരള ബ്ലാസ്റ്റേഴ്‌സിന്റേതടക്കമുള്ള പ്രതിനിധിതകള്‍ നേരിട്ടെത്തി യോഗത്തില്‍ സംബന്ധിച്ചു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ഒഡീഷ എഫ്‌സി ടീമുകള്‍ വിര്‍ച്ച്വലായാണ് യോഗത്തില്‍ പങ്കെടുത്തത്.
ഐഎസ്എല്‍ നടത്തിപ്പുകാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും(എഫ്എസ്ഡിഎല്‍) എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ്(എംആര്‍എ) പ്രകാരമാണ് ഓരോ സീസണിലും ലീഗ് നടക്കുന്നത്. നിലവിലെ കരാര്‍ ഡിസംബറില്‍ അവസാനിക്കുന്നതിനാല്‍ ഇത് പുതുക്കാതെ പുതിയ സീസണ്‍ ആരംഭിക്കാനാവില്ല. എഐഎഫ്എഫിന്റെ ഭരണ ഘടന റദ്ദ് ചെയ്ത് പുതിയ ഭരണ ഘടനയ്‌ക്ക് രൂപം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം നിലനില്‍ക്കെ ഇപ്പോഴത്തെ എഐഎഫ്എഫിന് എംആര്‍എയുമായി മുന്നോട്ടുപോകാനാകില്ല. ഇത്തരത്തില്‍ ഗുരുതര പ്രതിസന്ധിയിലായിരിക്കുന്നതിനാല്‍ ഓരോ ഐഎസ്എല്‍ ടീമുകളും ഗുരുതര സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ലോകോത്തര താരമായ സുനില്‍ ഛേത്രി അടക്കമുള്ള താരങ്ങളുടെ ശമ്പളം ക്ലബ്ബ് പ്രതിസന്ധിയുടെ പേരില്‍ പിടിച്ചുവയ്‌ക്കുന്ന സാഹചര്യം വരെ ഉണ്ടായിക്കഴിഞ്ഞൂ. ഇത്രത്തോളം ഗുരുതരാവസ്ഥയിലെത്തിയതിനെ തുടര്‍ന്നാണ് എഐഎഫ്എഫ് ഉടനെ തന്നെ വിപുലമായ രീതിയില്‍ സൂപ്പര്‍ കപ്പ് സംഘടിപ്പിക്കാനൊരുങ്ങുന്നത്.
ഒടുവില്‍ നടന്ന സൂപ്പര്‍ കപ്പില്‍ ഖാലിദ് ജമീലിന്റെ ജംഷെഡ്പുര്‍ എഫ്‌സിയെ തോല്‍പ്പിച്ച് മാനോലോ മാര്‍ക്വേസിന്റെ എഫ്‌സി ഗോവയാണ് ജേതാക്കളായത്. 2018ല്‍ ഫെഡറേഷന്‍ കപ്പ് നിര്‍ത്തലാക്കിയാണ് സൂപ്പര്‍ കപ്പ് ആരംഭിച്ചത്. 2023ല്‍ കേരളം ആതിഥ്യമരുളി. ബാക്കിയുള്ള എല്ലാ സൂപ്പര്‍ കപ്പുകള്‍ക്കും ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയമാണ് വേദിയായത്.