ലണ്ടൻ: ബലാത്സംഗക്കേസിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. പാകിസ്ഥാൻ ‘എ’ ടീമംഗം ഹൈദർ അലിയാണ് ബ്രിട്ടനിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ ബലാത്സംഗ പരാതിയെ തുടർന്ന് മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിൽ നിന്നാണ് ഹൈദർ അലിയെ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ താരത്തെ സസ്പെൻഡ് ചെയ്തതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും അറിയിച്ചു. അന്വേഷണ വിധേയമായാണ് നടപടി.
ഓഗസ്റ്റ് മൂന്നിന് ബ്രിട്ടനിലെ ബെക്കൻഹാം ഗ്രൗണ്ടിൽ വച്ച് ‘എംസിഎസ്എസി’ ടീമിനെതിരെ കളിക്കുന്നതിനിടെയാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഹൈദർ അലിയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. ഹൈദറിന്റെ പാസ്‌പോർട്ട് പിടിച്ചെടുത്ത ശേഷം ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. കണ്ണീരോടെയാണ് ഗ്രൗണ്ടിൽ നിന്നും ഹൈദർ പോയതെന്നും താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അറസ്റ്റിനിടെ താരം പറയുന്നുണ്ടായിരുന്നു. കേസിനെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും തങ്ങളെ അറിയിച്ചതായും അന്വേഷണം പൂർത്തിയാകുന്നതുവരെ ഹൈദറിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വ്യക്തമാക്കി. സംഭവത്തിൽ ബോർഡ് സ്വന്തം നിലയിലും അന്വേഷണം നടത്തുമെന്ന് പിസിബി വക്താവ് മാധ്യമങ്ങളെ അറിയിച്ചു.