പാരീസ്: ബാലോണ്‍ ദി ഓര്‍ ഫുട്‌ബോള്‍ പുരസ്‌കാരത്തിനുള്ള 30 പേരുടെ ചുരുക്കപട്ടികയില്‍ മുന്നില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരം ഉസ്മാന്‍ ഡെംബേലെ. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്‌ട്ര മത്സരങ്ങളിലുമായി 36 ഗോളുകളും 13 അസിസ്റ്റുകളുടെയും ബലത്തിലാണ് ഡെംബേലെ മുന്നില്‍ നില്‍ക്കുന്നത്.
കഴിഞ്ഞ സീസണില്‍ ഡെംബേല ഉള്‍പ്പെടുന്ന ഫ്രഞ്ച് ക്ലബ്ബ് പാരിസ് സാന്റ് ഷാര്‍മെയ്ന്‍(പിഎസ്ജി) ലീഗ് വണിന് പുറമെ ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും സ്വന്തമാക്കിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ഡെംബേലെ പട്ടികയില്‍ മുന്നിലെത്തിയത്. റയല്‍ മാഡ്രിഡ് താരമായ കിലിയന്‍ എംബാപ്പെയും ലിവര്‍പൂള്‍ താരം മുഹമ്മദ് സലായും ഡെംബേലയ്‌ക്ക് തൊട്ടുപിറകിലായുണ്ട്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഫുട്‌ബോള്‍ ലോകത്ത് വിരാജിച്ചു നിന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഇത്തവണ അന്തിമ 30ല്‍ ഇടം പിടിച്ചില്ല. മെസിക്ക് എടുത്തു പറയാന്‍ നേട്ടങ്ങളൊന്നും കഴിഞ്ഞ സീസണ്‍ കാലയളവില്‍ ഉണ്ടായിരുന്നില്ലെങ്കിലും യുവേഫ നേഷന്‍സ് ലീഗ് നേടിയ പോര്‍ചുഗല്‍ ടീമിലെ താരമായിരുന്നു റൊണാള്‍ഡോ.