ചണ്ഡീഗഢ്: അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ നായക പരീക്ഷണ ദൗത്യത്തിന് ശേഷം ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ദുലീപ് ട്രോഫി ക്രിക്കറ്റ്. ഈ മാസം അവസാനത്തോടെ ബെംഗളൂരുവില്‍ ആരംഭിക്കുന്ന ദുലീപ് ട്രോഫിയില്‍ ഉത്തര മേഖലാ ടീമിനെ ഗില്‍ നയിക്കും.
ദുലീപ് ട്രോഫി വീണ്ടും മേഖലാ അടിസ്ഥാനത്തില്‍ തിരികെയെത്തുന്ന ഈ സീസണില്‍ ഭാരത ക്യാപ്റ്റനും ആഭ്യന്തര മത്സരങ്ങളില്‍ കരുത്തു തെളിയിക്കാനുള്ള അവസരമാണ് വന്നുചേരുന്നത്. പത്ത് ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ ഗില്‍ ക്യാപ്റ്റനായിട്ടുണ്ട്. രഞ്ജിയില്‍ പഞ്ചാബ് ടീമിന് വേണ്ടിയാണ് ഗില്‍ കളിക്കുന്നത്.
15 പേരടങ്ങിയ ഉത്തരമേഖലാ ടീമില്‍ ഭാരത ക്രിക്കറ്റ് ടീം താരങ്ങളായ അന്‍ഷൂല്‍ കാംബോജ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരുമുണ്ട്. മാഞ്ചസ്റ്റര്‍ ടെസ്റ്റിലൂടെ കാംബോജ് അന്താരാഷ്‌ട്ര മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരിശീലനത്തിനിടയിലേറ്റ പരിക്ക് കാരണം അര്‍ഷദീപ് സിങ്ങിന് അവസരം ലഭിച്ചില്ല. ആഗസ്ത് 28ന് ആരംഭിക്കുന്ന ദുലീപ് ട്രോഫി സപ്തംബര്‍ 15ന് അവസാനിക്കും.
ഇതിനിടെ ഏഷ്യാകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നത് ദുലീപ് ട്രോഫിയിലെ മിക്ക ടീമുകള്‍ക്കും തിരിച്ചടിയാകും. ക്യാപ്റ്റന്‍ ഗില്‍ അടക്കമുള്ളവര്‍ സപ്തംബര്‍ ഒമ്പതിന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പ് ട്വന്റി20ക്കുള്ള ഭാരത ടീമിന്റെ ഭാഗമാകും. ഈ സാഹചര്യം കണക്കിലെടുത്ത് ശുഭം റോഹില്ലയെ പകരക്കാരന്‍ ക്യാപ്റ്റനായി ഉത്തര മേഖലാ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യാകപ്പിനായി പുറപ്പെടുന്ന അര്‍ഷദീപിനും ഹര്‍ഷിത് റാണയ്‌ക്കും പകരക്കാരായി ദുലീപ് ട്രോഫിക്കുള്ള ഉത്തര മേഖലാ ടീമില്‍ പഞ്ചാബില്‍ നിന്നുള്ള ഗുര്‍ണൂര്‍ ബ്രാര്‍, ഹര്യാനയുടെ അനൂജ് തക്രാല്‍ എന്നിവര്‍ ഇടംപിടിക്കും.