മാഞ്ചസ്റ്റര്‍: സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ ബെഞ്ചമിന്‍ സെസ്‌കോ പ്രീമിയര്‍ ലീഗ് വമ്പന്‍ ഫുട്‌ബോള്‍ ടീം മാഞ്ചസ്‌റ്റൈര്‍ യുണൈറ്റഡില്‍. 73.7 ദശലക്ഷം പൗണ്ടിന് ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലീപ്‌സിഗ്ഗില്‍ നിന്നാണ് താരത്തെ എത്തിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ കരാര്‍ 2030 വരെ നീളും.
22കാരനായ സെസ്‌കോ കഴിഞ്ഞ സീസണ്‍ ബുന്ദെസ് ലിഗയില്‍ ലീപ്‌സിഗ്ഗിന് വേണ്ടി 33 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടി. സീസണിലെ ജര്‍മന്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ഒമ്പതാം സ്ഥാനം വരെ എത്തി. ഓസ്ട്രിയന്‍ ബുന്ദെസ്‌ലിഗ ക്ലബ്ബ് ആര്‍ബി സാല്‍സ്ബര്‍ഗില്‍ നിന്നാണ് 2023ല്‍ സെസ്‌കോയെ ലീപ്‌സിഗ് സ്വന്തമാക്കിയത്. ആകെ 64 മത്സരങ്ങള്‍ ഇതുവരെ കളിച്ചു, 27 ഗോളുകള്‍ നേടി. കഴിഞ്ഞ രണ്ട് സീസണുകളിലായി 16 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ കളിച്ചു. ആറ് ഗോളുകള്‍ നേടി.
അന്താരാഷ്‌ട്ര ഫുട്‌ബോളിലും മികച്ച റിക്കാര്‍ഡാണ് സെസ്‌ക്കോയ്‌ക്കുള്ളത്. സ്ലൊവേനിയക്കുവേണ്ടി 41 മത്സരങ്ങളില്‍ നിന്നായി 16 ഗോളുകള്‍ നേടി. കഴിഞ്ഞ വര്‍ഷം യൂറോയില്‍ സെസ്‌കോയുടെ ബലത്തിലാണ് ടീം നോക്കൗട്ടിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ കരുത്തരായ പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടെങ്കിലും മത്സരം പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീട്ടാന്‍ സ്ലൊവേനിയയ്‌ക്ക് സാധിച്ചിരുന്നു.
പുതിയ സീസണിലേക്കായി യുണൈറ്റഡ് സൈന്‍ ചെയ്യുന്ന നാലാമത്തെ താരമാണ് സെസ്‌കോ. മുന്‍നിര താരങ്ങളായ മാത്യൂസ് കുഞ്ഞ, ബ്രയാന്‍ എംബ്യൂമോ, പ്രതിരോധ താരം ഡീഗോ ലിയോന്‍ എന്നിവരെ ഇതിനോടകം ടീമിലെത്തിച്ചു.