ഫ്‌ളോറിഡ: വമ്പന്‍ താരങ്ങളെ അട്ടിമറിച്ചുകൊണ്ട് കനേഡിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കിയ 18കാരി വിക്ടോറിയ എംബോക്കോ റാങ്കിങ്ങിലും വലിയ മുന്നേറ്റം കൈവരിച്ചു. പുതുക്കിയ ഡബ്ല്യുടിഎ റാങ്കിങ്ങില്‍ ആദ്യ 25 സ്ഥാനങ്ങള്‍ക്കുള്ളിലെത്തിപ്പെട്ടു.
ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള നാല് താരങ്ങളെ കീഴടക്കിയാണ് കാനഡയില്‍ നിന്നുള്ള എംബോക്കോ കഴിഞ്ഞ ദിവസം കരിയറിലെ ആദ്യ ഡബ്ല്യുടിഎ ടൈറ്റില്‍ നേടിയത്. കനേഡിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ സോഫിയ കെനിനെ തോല്‍പ്പിച്ച കൗമാരക്കാരി പ്രീക്വാര്‍ട്ടറില്‍ അമേരിക്കയുടെ കോക്കോ ഗൗഫിനെയും സെമിയില്‍ എലേന റൈബാക്കിനയെയും തോല്‍പ്പിച്ചു. ഏറ്റവും ഒടുവില്‍ ഫൈനലില്‍ നവോമി ഒസാക്കയെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കുകയായിരുന്നു. കനേഡിയന്‍ ഓപ്പണിന് മുമ്പ് 85-ാം റാങ്കിലായിരുന്ന എംബോക്കോ ഇപ്പോള്‍ 24-ാം സ്ഥാനത്തേക്കെത്തി. സീസണ്‍ ആരംഭിക്കുമ്പോള്‍ താരം 300 റാങ്കില്‍ താഴെയായിരുന്നു.
കനേഡിയന്‍ ഓപ്പണില്‍ ഫൈനലിലെത്തിയ പ്രകടനത്തിലൂടെ 49-ാം സ്ഥാനത്തായിരുന്ന ജപ്പാന്‍കാരി നവോമി ഒസാക്ക 25-ാം സ്ഥാനത്തേക്ക് മുന്നേറി. വനിതാ ടെന്നിസില്‍ ഒന്നാം സ്ഥാനത്ത് അരീന സബലെങ്ക മാറ്റമില്ലാതെ തുടരുകയാണ്. രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ കോക്കോ ഗൗഫ്, ഇഗാ സ്വായിടെക്, ജെസിക്ക പെഗ്യൂള, മിറ ആന്‍ഡ്രീവ എന്നിവരും മാറ്റമില്ലാതെ തുടരുന്നുണ്ട്.
എലേന റൈബാക്കിന രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തേക്കെത്തി. അമേരിക്കയുടെ മാഡിസണ്‍ കെയ്‌സ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ചൈനയുടെ ഖിന്‍വെന്‍ ഷെങ്ങിനെയും(ഏഴ്) അമാന്‍ഡ അനിസിമോവ(എട്ട്)യെയും പിന്തള്ളി ആറാം സ്ഥാനത്തെത്തി. ഇറ്റലിക്കാരി ജാസ്മിന്‍ പാവോലിനി ആണ് ഒമ്പതാം സ്ഥാനത്തുള്ളത്.