മനാമ : ബഹ്റൈനിൽ അരനൂറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന കണ്ണൂർ ചെറുകുന്ന് സ്വദേശി കുഞ്ഞഹമ്മദിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി. 1977 ഓഗസ്റ്റ് 6 ന് ഗൾഫ് എയർ വിമാനത്തിൽ ബോംബെയിൽ നിന്നും പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തു വച്ചതാണ് കുഞ്ഞഹമ്മദ്. സൽമാബാദിലുള്ള ഹാജി ഹസൻ ഗ്രൂപ്പിൽ തൊഴിലാളിയായി കയറി അവസാനം അവിടെ നിന്നു തന്നെ ക്യാമ്പ് സൂപ്പർവൈസറായി പ്രവാസ ജീവിതം അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് പ്രവാസത്തിന്റെ ആദ്യ തലമുറയുടെ പ്രതിനിധിയും ഒപ്പം ആധുനിക ബഹ്റൈനിൻ്റെ വളർച്ചയും കുതിപ്പും നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞ വ്യക്തിയാണ് ആദരണീയനായ കുഞ്ഞഹമ്മദ് എന്ന് യാത്രയപ്പ് നൽകി സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സാമൂഹിക ഘടനയെത്തന്നെ പുരോഗമനപരമായി മാറ്റിമറിക്കാൻ കുഞ്ഞഹമ്മദ് സാഹിബിനെ പോലുള്ളവരുടെ ത്യാഗപൂർണമായ ഗൾഫ് പ്രവാസത്തിലൂടെയാണ് മലയാളിക്ക് സാധിച്ചത്. കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലെയും പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കുന്നതിൽ പ്രത്യക്ഷമായും പരോക്ഷമായും ഗൾഫ് പ്രവാസത്തിലൂടെ കേരളത്തിന് കഴിഞ്ഞെങ്കിലും ഇതിനു വേണ്ടി ജീവിതം ത്യജിച്ച പ്രവാസി സമൂഹത്തോട് മാറിമാറി വന്ന ഭരണകൂടങ്ങൾ വേണ്ടത്ര നീതിപുലർത്തിയിട്ടില്ല എന്നത് അനുഭവ യാഥാർത്ഥ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. കേരള നവോത്ഥാനത്തിന്റെ നല്ലൊരു പങ്ക് ഗൾഫിൽ കുടുംബത്തിനും നാടിനും വേണ്ടി ജീവിതം ത്യജിച്ച പ്രവാസിക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ക്യാമ്പിൽ താമസിക്കുന്ന നൂറുകണക്കിന് തൊഴിലാളികളോട് കർശന നിലപാടുകൾ സ്വീകരിക്കുമ്പോൾ തന്നെ തന്നോടൊപ്പമുള്ള മുഴുവൻ മനുഷ്യരെയും ഒരുപോലെ കാണാനും അവരുടെ ക്ഷേമത്തിനു വേണ്ട നടപടികൾ സ്വീകരിക്കാനും കഴിഞ്ഞത് അദ്ദേഹത്തിൻറെ ഔന്നത്യത്തിൻ്റെ അടയാളമാണെന്ന് ആശംസകൾ നേർന്ന് സംസാരിച്ച ഡോക്ടർ ഫമിൽ എരഞ്ഞിക്കൽ പറഞ്ഞു. മൊയ്തു തിരുവള്ളൂർ, ഹാജി ഹസൻ ഗ്രൂപ്പ് പ്രതിനിധികളും ആശംസകൾ നേർന്നു സംസാരിച്ചു.
പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം സ്വാഗതമാശംസിച്ചു. കുഞ്ഞഹമ്മദ് സാഹിബ് മറുപടി പ്രഭാഷണം നടത്തി. അദ്ദേഹത്തിനുള്ള പ്രവാസി വെൽഫെയർ ഉപഹാരം പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ നൽകി. ഷാഹുൽ വെന്നിയൂർ രാജീവ് നാവായിക്കുളം അഷറഫ് എന്നിവർ നേതൃത്വം നൽകി.