ന്യൂദല്‍ഹി: ഭാരത ഫുട്‌ബോള്‍ ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) തുറന്നു സമ്മതിച്ചു. ഭാരതത്തിന്റെ മുന്‍ നിര ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ന്റെ ഭാവി അടക്കം വലിയ ആശങ്കയിലാണെന്ന് എഐഎഫ്എഫ് അധ്യക്ഷന്‍ കല്യാണ്‍ ചൗബേ അറിയിച്ചു. ഈ വിഷമ സ്ഥിതിയെ മറികടക്കാന്‍ കൂട്ടുത്തരവാദിത്വത്തോടെ പ്രശ്‌നങ്ങളെ ഏറ്റെടുത്ത് മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും ചൗബേ ആഹ്വാനം ചെയ്തു.
ചിലരുടെ സ്വാര്‍ഥ മനോഭാവവും സ്ഥാപിത താല്‍പര്യത്തോടെയുള്ള സമീപനമാണ് ഇത് ഇത്രയും വഷളാക്കിയത്. അല്ലാതെ ഇതിന്റെ ഉത്തരവാദിത്തം ഇപ്പോഴത്തെ എഐഎഫ്എഫിനല്ലെന്ന് പറഞ്ഞ് ചൗബേ കൈയ്യൊഴിഞ്ഞു.
ഐഎസ്എല്‍ 11-ാം സീസണ്‍ ഒരുക്കങ്ങള്‍ തുടങ്ങാനുള്ള സമയമായി. പക്ഷെ ലീഗ് നടക്കുമോയെന്ന ആശങ്ക ഇനിയും ദുരീകരിക്കപ്പെട്ടിട്ടില്ല. സുപ്രീം കോടതിയെ സമീപിച്ചാല്‍ ലീഗിന്റെ കാര്യത്തില്‍ എന്തെങ്കിലും നീക്കുപോക്കുണ്ടാകുമായിരിക്കും. പക്ഷെ എഐഎഫ്എഫ് ഭരണഘടന മാറ്റിയെഴുതണമെന്ന നിര്‍ദേശം സുപ്രീം കോടതി മുന്നോട്ട് വച്ചിട്ട് കാലമേറെയായി. നിലവിലെ എഐഎഫ്എഫിന് പുതുതായി ഒരു നീക്കവും നടത്താനാവില്ല. പുതിയ ഭരണ ഘടനയനുസരിച്ച് നിലവില്‍ വരുന്ന എഐഎഫ്എഫ് ഭരണ സമിതിക്കേ ഇനി ഇക്കാര്യത്തില്‍ മുന്നോട്ട് പോകാനാകൂ എന്നാണ് കോടതി തീരുമാനം. ഈ ഒരു പ്രശ്‌നത്തില്‍ കുരുങ്ങി ഐഎസ്എല്‍ നടത്തിപ്പുകാരായ എഫ്എസ്ഡിഎല്ലും എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ്(എംആര്‍എ) പുതുക്കാന്‍ സാധിച്ചിട്ടില്ല.
നിലവിലെ കരാര്‍ ഡിസംബര്‍ വരെയാണുള്ളത്. ഈ സാഹചര്യത്തില്‍ പുതിയ കരാറുമായി മുന്നോട്ട് പോകാന്‍ സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ ഇപ്പോഴത്തെ എഐഎഫ്എഫ് ഭരണ സമിതിക്ക് സാധിക്കില്ല. ഐഎസ്എല്ലില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും ഈസ്റ്റ് ബംഗാളും ഒഴികെയുള്ള 11 ക്ലബ്ബുകള്‍ ലീഗ് സംബന്ധിച്ച് വ്യക്തത വേണമെന്നാവശ്യപ്പെട്ട് എഐഎഫ്എഫിന് കത്തെഴുതിയിരുന്നു. ഈ കത്ത് ഗൗരവമായി കണക്കിലെടുത്ത് എല്ലാ ക്ലബ്ബ് മേധാവികളുമായും കഴിഞ്ഞ വ്യാഴാഴ്‌ച്ച യോഗം വിളിച്ചുചേര്‍ത്തിരുന്നു. നേരത്തെ കത്തില്‍ ഒപ്പുവയ്‌ക്കാതെ വിട്ടുനിന്ന രണ്ട് ബംഗാള്‍ ക്ലബ്ബുകളും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ സൂപ്പര്‍ കപ്പ് സപ്തംബറില്‍ നടത്താമെന്ന ധാരണയിലെത്തിയിരുന്നു. പല ക്ലബ്ബുകളും ഐഎസ്എല്‍ പ്രതിസന്ധി മുന്നില്‍ കണ്ട് താരങ്ങള്‍ക്കുള്ള പ്രതിഫലം മരവിപ്പിക്കുന്ന നടപടികളിലേക്ക് കടന്നിരുന്നു. ഈ ഗുരുതര സ്ഥിതി വിശേഷം പരിഗണിച്ചാണ് സൂപ്പര്‍ കപ്പ് വേഗത്തില്‍ നടപ്പാക്കാന്‍ എഐഎഫ്എഫ് തീരുമാനിച്ചത്.
പക്ഷെ ഐഎസ്എല്ലിന്റെ ആശങ്ക അവസാനിച്ചിട്ടില്ലായിരുന്നു. പുതിയ ഭരണഘടനയ്‌ക്ക് രൂപം നല്‍കും മുമ്പ് ഐഎസ്എല്‍ നടത്തിപ്പ് ഔദ്യോഗികമായി അനുവദിച്ച് കിട്ടാന്‍ വേണ്ട നിയമപരമായ പോംവഴി തേടുകയാണ് എഐഎഫ്എഫ്.
കളിക്കളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ലോകോത്തര നിലവാരമുള്ള മത്സരക്രമങ്ങളും രീതികളും വിദേശ താരങ്ങളുടെയും കോച്ചുമാരുടെയും സാന്നിധ്യവും എല്ലാം രാജ്യത്തിന്റെ ഫുട്‌ബോളിന്റെ മുഖം മാറ്റുന്നതില്‍ നിര്‍ണായക പങ്ക് ആണ് വഹിച്ചത്. ലീഗ് നിന്നുപോയാല്‍ രാജ്യത്തിന് വലിയ നഷ്ടമായിരിക്കും. അത്തരത്തിലൊരു സാഹചര്യത്തിലേക്ക് പോകാതിരിക്കാനുള്ള പരമാവധി ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് കല്യാണ്‍ ചൗബേ പറഞ്ഞു.