തിരുവനന്തപുരം: വരാനിരിക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളില്‍ ചിലത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം വേദിയായേക്കും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്ത അഞ്ച് മത്സരങ്ങളാണ് കേരളത്തിലേക്ക് മാറ്റുകയെന്ന് അറിയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല.
ലോകകപ്പ് ഭാരതത്തിന് അനുവദിക്കപ്പെട്ടപ്പോള്‍ തന്നെ ചിന്നസ്വാമി സ്‌റ്റേഡിയം വേദികളില്‍ ഒന്നായി നിശ്ചയിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇക്കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വലിയ ആശങ്കയുയര്‍ത്തി. ഇക്കാരണത്താല്‍ ലോകകപ്പ് വേദിക്കായുള്ള കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ അനുമതി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) നിഷേധിച്ചതായാണ് അറിയുന്നത്.
ബെംഗളൂരുവിന് മത്സരം നിഷേധിച്ച സ്ഥിതിക്ക് കൂടുതല്‍ സാധ്യത ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമായിരിക്കും പരിഗണിക്കുക. ഡിസംബര്‍ വരെ ചെപ്പോക്ക് സ്‌റ്റേഡിയം യാതൊരു വിധ ആവശ്യത്തിനും വിട്ടുതരാനാവില്ലെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെ അറിയിച്ചിട്ടുള്ളതാണ്. ചെപ്പോക്കില്‍ ഡിസംബര്‍ വരെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനാലാണിത്. ഈ സാധ്യതകൂടി അടയുന്നതിനാലാണ് മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ബിസിസിഐ പരിഗണിച്ചത്.
അധികൃതരുടെ അനുമതി ലഭിച്ചാല്‍ അഞ്ച് മത്സരങ്ങളായിരിക്കും കാര്യവട്ടത്ത് നടക്കുക. ഫൈനല്‍ മത്സരം മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റും. പകരം നാല് പ്രാഥമിക റൗണ്ട് മത്സരങ്ങളും ഒരു സെമിയും ആയിരിക്കും കാര്യവട്ടത്ത് നടക്കുക.
ഭാരതത്തിലെ നാല് വേദികളിലും ശ്രീലങ്കയിലെ കൊളംബോയിലുമായാണ് അടുത്ത മാസം 30ന് തുടങ്ങുന്ന വനിതാ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ഗുവാഹത്തി, വിശാഖപട്ടണം, ഇന്‍ഡോര്‍ എന്നിവയാണ് ഭാരതത്തിലെ മറ്റ് വേദികള്‍. ആകെ 31 മത്സരങ്ങളാണുണ്ടാകുക. പ്രാഥമി റൗണ്ടില്‍ 28 മത്സരങ്ങള്‍, രണ്ട് സെമി, ഫൈനല്‍. ആകെ എട്ട് ടീമുകള്‍ ആദ്യ ഘട്ടത്തില്‍ റൗണ്ട് റോബിന്‍ സംവിധാനത്തില്‍ പരസ്പരം ഏറ്റുമുട്ടും. ഭാരതം, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവയാണ് ടീമുകള്‍.