

ബുഡാപെസ്റ്റ്: പോള്‍ വോള്‍ട്ട് സൂപ്പര്‍ താരം അര്‍മാന്‍ഡ് ഡുപ്ലാന്റീസ് വീണ്ടും ലോക റിക്കാര്‍ഡ് തിരുത്തി. ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രിയില്‍ മത്സരിച്ചുകൊണ്ട് ഈ സ്വീഡിഷ് ഇതിഹാസം ലോകറിക്കാര്‍ഡ് തിരുത്തിയിരിക്കുന്നത് 13-ാം തവണയാണ്. 6.29 മീറ്റര്‍ ആണ് പോള്‍ വോള്‍ട്ടിലെ പുതിയ ഉയരം.
ഇക്കഴിഞ്ഞ ജൂണില്‍ സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍ ഡുപ്ലാന്റീസ് കുറിച്ച 6.28 മീറ്റര്‍ ഉയരമാണ് ആഴ്‌ച്ചകളുടെ വ്യത്യാസത്തില്‍ പഴങ്കഥയാക്കിയിരിക്കുന്നത്. 25 കാരനായ താരം രണ്ട് വട്ടം ഒളിംപിക്‌സി് സ്വര്‍ണം നേടിയിട്ടുണ്ട്. രണ്ട് തവണ പോള്‍ വോള്‍ട്ടിലെ ലോക ചാമ്പ്യനുമായി.
2020 ഫെബ്രുവരിയിലാണ് ഡുപ്ലാന്റിസ് കരിയറിലെ ആദ്യ റിക്കാര്‍ഡ് സ്ഥാപിക്കുന്നത്. അന്ന് പോളണ്ടില്‍ നടന്ന മത്സരത്തില്‍ 6.17 മീറ്റര്‍ ഉയരം മറികടന്നായിരുന്നു ഡുപ്ലാന്റീസിന്റെ ചാട്ടം.
ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രിയില്‍ 6.11 മീറ്റര്‍ മുതലാണ് ഡുപ്ലാന്റിസ് ചാടി തുടങ്ങിയത്. ആദ്യ ശ്രമം വിജയിച്ചില്ല. ഒപ്പം മത്സരിച്ചിരുന്ന ഗ്രീക്ക് താരം ഇമ്മാനോവില്‍ കരാലിസ് രണ്ട് ശ്രമങ്ങള്‍ക്ക് ശേഷം വിരമിച്ചു. പിന്നീട് എതിരാളികളില്ലാതായ ഡുപ്ലാന്റിസ് തന്റെ റിക്കാര്‍ഡ് തിരുത്താന്‍ വേണ്ടി മത്സരിക്കുകയായിരുന്നു.
ശനിയാഴ്ച പോളണ്ടില്‍ സിലേഷ്യ ഡയമണ്ട് ലീഗ് ആണ് ഡുപ്ലാന്റിസിന്റെ അടുത്ത മത്സര വേദി. കഴിഞ്ഞ വര്‍ഷത്തെ സിലേഷ്യ ഡയമണ്ട് ലീഗില്‍ ഡുപ്ലാന്റിസ് ലോക റിക്കാര്‍ഡ് സ്ഥാപിച്ചിരുന്നു.
അടുത്ത മാസം ടോക്കിയോയില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ഡുപ്ലാന്റിസ് മുന്‍ പോള്‍ വോള്‍ട്ട് ഇതിഹാസം സെര്‍ജി ബുബ്ക നേടിയ മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പ് എന്ന റിക്കാര്‍ഡിനൊപ്പമെത്തലാണ് ലക്ഷ്യമിടുന്നത്. 1980, 90 കളിലാണ് സെര്‍ജി ബുബ്ക പോള്‍ വോള്‍ട്ടില്‍ നിറസാന്നിധ്യമായിരുന്നത്.









