

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ നടക്കുന്ന കോളേജ് സ്‌പോര്‍ട്‌സ് ലീഗ് (സി എസ് എല്‍ 2025) സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ തുടര്‍ വിജയങ്ങളോടെ കിരീടത്തോടടുത്ത് കോതമംഗലം മാര്‍ അത്തനേഷ്യസ് ഫുട്‌ബോള്‍ അക്കാദമി.
ഇന്നലെ നടന്ന സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അത്തനേഷ്യസ് സമോറിയന്‍സ് ഇസഡ് ജിസിയെ തോല്‍പ്പിച്ചത്. അത്തനേഷ്യസിനായി അല്‍ഫാസ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ അക്ഷയ് കുമാറും വിബിനുമാണ് മറ്റ് ഗോളുകള്‍ നേടിയത്. ജസീലാണ് സമോറിയന്‍സിനായി ഏക ഗോള്‍ കണ്ടെത്തിയത്. അല്‍ഫാസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ 1-0ന് എംഇഎസ് കെവിഎം മഹാരാജാസ് സ്‌ട്രൈക്കേഴ്‌സിനെ തോല്‍പ്പിച്ചു.
പെനാല്‍റ്റിയിലാണ് എംഇഎസ് വിജയം നേടിയത്. തസ്ലീമാണ് ഗോള്‍ നേടിയത്. തസ്ലീം തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഇതോടെ ഒരു കളി അവശേഷിക്കെ മാര്‍ അത്തനേഷ്യസ് ഫുട്‌ബോള്‍ അക്കാദമി കീരിടനേട്ടത്തോട് കൂടുതലടുത്തു. എംഇഎസ് കെവിഎമ്മും അടുത്ത മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തോടെ കിരീടം സ്വപ്‌നം കാണുന്നുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സമ്മാനദാനം നിര്‍വഹിക്കും.
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി മുഖ്യ പ്രഭാഷണം നടത്തും. കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ വിഷ്ണുരാജ് പി ഐപിഎസ്. ഡോ പ്രിയ പി, ജി കിഷോര്‍, എം ബി ഫൈസല്‍, ദിനോജ് സെബാസ്റ്റ്യന്‍, എം ആര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.









