

ന്യൂയോര്‍ക്ക്: വീനസ് വില്ല്യംസ് വീണ്ടും ടെന്നിസ് ഗ്രാന്‍ഡ്സ്‌ലാമില്‍. ദിവസങ്ങള്‍ക്കകം തുടങ്ങാനിരിക്കുന്ന സീസണിലെ അവസാന ഗ്രാന്‍ഡ്സ്‌ലാം ടൂര്‍ണമെന്റ് യുഎസ് ഓപ്പണിലേക്ക് 45കാരിയായ വീനസിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചു. ഒരുകാലത്ത് ടെന്നീസ് ലോകത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ചവരാണ് വില്ല്യംസ് സഹോദരിമാര്‍ എന്നറിയപ്പെടുന്ന വീനസ് വില്ല്യംസും സെറീന വില്ല്യംസും.
44 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്രയും പ്രായം ചെന്നൊരു താരം യുഎസ് ഓപ്പണില്‍ മത്സരിക്കാനൊരുങ്ങുന്നത്. ഇതിന് മുമ്പ് 1981ല്‍ റെനീ റിച്ചാര്‍ഡ്‌സ് 47-ാം വയസില്‍ മത്സരിച്ചതൊണ് ഒടുവിലത്തെ സംഭവം.
കരിയറില്‍ ഏഴ് തവണ ഗ്രാന്‍ഡ് സ്‌ലാം നേടിയിട്ടുള്ള വീനസ് വില്ല്യംസ് 2000, 2001 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 14 വനിതാ ഡബിള്‍സ് ഗ്രാന്‍ഡ്സ്‌ലാം കിരീടങ്ങളും നേടിയിട്ടുണ്ട്. അതെല്ലാം സഹോദരി സെറീനയുമൊരുമിച്ച് മത്സരിച്ചാണ് നേടിയത്.
1990കളുടെ അവസാനം മുതല്‍ 2010കളുടെ പകുതിവരെ ഇരുവരും ടെന്നീസ് കോര്‍ട്ടില്‍ അതികായത്വം കാട്ടിയിരുന്നു. ഇതു കൂടാതെ രണ്ട് തവണ മിക്‌സഡ് ഡബിള്‍സിലും വീനസ് ഗ്രാന്‍ഡ്സ്‌ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും യുഎസ് ഓപ്പണ്‍ ഇതുവരെ നേടിയിട്ടില്ല.
ഇത്തവണത്തെ യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിലേക്ക് വീനസിന് നേരത്തെ തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചിരുന്നു. അമേരിക്കന്‍ താരം റെയില്ലി ഒപെല്‍ക്ക ആണ് മിക്‌സഡ് ഡബിള്‍സിലെ സഹതാരം.
2023 യുഎസ് ഓപ്പണ്‍ ആണ് ഏറ്റവും ഒടുവില്‍ വീനസ് വില്ല്യംസ് മത്സരിച്ച ഗ്രാന്‍ഡ്സ്‌ലാം ടൂര്‍ണമെന്റ്. 16 മാസം നീണ്ട ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ മാസം ഡിസി ഓപ്പണില്‍ കളിച്ചുകൊണ്ടാണ് വീനസ് തിരിച്ചുവരവ് നടത്തിയത്. സിന്‍സിനാറ്റിയില്‍ മത്സരിച്ച താരം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.









