

മുഹമ്മദ് അസറുദ്ദീന്‍ അടക്കം നാല് താരങ്ങളെ നിലനിര്‍ത്തിയതൊഴിച്ചാല്‍ അടിമുടി പുതിയ ടീം ആയാണ് ആലപ്പി റിപ്പിള്‍സ് ഒരുങ്ങുന്നത്. അക്ഷയ് ചന്ദ്രന്‍, വിഘ്‌നേഷ് പുത്തൂര്‍, അക്ഷയ് ടി.കെ. എന്നിവരാണ് ടീം നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍.
ക്യാപ്റ്റനായി ടീമിനെ നിയക്കുന്ന മുഹമ്മദ് അസറുദ്ദീന്‍ ആണ് ആലപ്പിയുടെ പ്രധാന ബാറ്റിങ് കരുത്ത്. കഴിഞ്ഞ സീസണില്‍, നാല് അര്‍ദ്ധ സെഞ്ച്വറികളടക്കം 410 റണ്‍സായിരുന്നു അസറുദ്ദീന്‍ അടിച്ചു കൂട്ടിയത്. തുടര്‍ന്ന് രഞ്ജി ട്രോഫിയിലടക്കം കഴിഞ്ഞ സീസണിലാകെ മികച്ച പ്രകടനം കാഴ്ച വച്ചു. വമ്പന്‍ തുകയ്‌ക്ക് ടീമിലെത്തിച്ച ജലജ് സക്‌സേനയാണ് ടീമിന്റെ മറ്റൊരു പ്രതീക്ഷ. ശക്തമായ ലേലത്തിനൊടുവില്‍ 12.40 ലക്ഷത്തിനായിരുന്നു ജലജ് സക്‌സേനയെ ആലപ്പി റിപ്പിള്‍സ് ടീമിലെത്തിച്ചത്. ജലജിന്റെ ആദ്യ കെസിഎല്‍ സീസണ്‍ ആണ് ഇത്തവണത്തേത്. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ടീമിന് വലിയ മുതല്‍ക്കൂട്ടാവും.
ടീമിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ അക്ഷയ്.ടി.കെ ഇത്തവണയും ടീമിനൊപ്പമുണ്ട്. യുവതാരങ്ങളായ അനൂജ് ജോതിന്‍, അരുണ്‍.കെ.എ, അര്‍ജുന്‍ നമ്പ്യാര്‍ എന്നിവരാണ് ബാറ്റര്‍മാരായി ടീമിലുള്ളത്. കഴിഞ്ഞ എന്‍എസ്‌കെ ട്രോഫിയിലടക്കം മികച്ച പ്രകടനവുമായി തിളങ്ങിയ താരമാണ് അരുണ്‍ കെ.എ. മുഹമ്മദ് അസറുദ്ദീനൊപ്പം വിക്കറ്റ് കീപ്പറായി ടീമിലുള്ള ആകാശ് പിള്ള, മുഹമ്മദ് കൈഫ് എന്നിവരും ബാറ്റിങ്ങില്‍ മികവ് തെളിയിച്ചിട്ടുള്ളവരാണ്.
ജലജ് സക്‌സേനയ്‌ക്ക് പുറമെ അക്ഷയ് ചന്ദ്രനും അക്ഷയ് ടി.കെയും അടങ്ങുന്ന ഓള്‍ റൗണ്ടര്‍മാരാണ് ടീമിന്റെ മറ്റൊരു കരുത്ത്. ഒരു പതിറ്റാണ്ടോളമായി കേരള ടീമിലെ സ്ഥിര സാന്നിധ്യമായ അക്ഷയ് ചന്ദ്രന്‍ കഴിഞ്ഞ സീസണില്‍ ടീമിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചിരുന്നു. ബാറ്റിങ്ങിനൊപ്പം ഇടംകയ്യന്‍ സ്പിന്നറെന്ന നിലയിലും ടീമിന് മുതല്‍ക്കൂട്ടാണ് അക്ഷയ്. യുവ താരങ്ങളായ ശ്രീരൂപ്, അഭിഷേക് പ്രതാപ്, ബാലു ബാബു എന്നിവരാണ് ടീമിലെ മറ്റ് ഓള്‍ റൗണ്ടര്‍മാര്‍.
ഫോമിലുള്ള ബേസില്‍ എന്‍.പി ആയിരിക്കും ഇത്തവണ ആലപ്പിയുടെ ബൗളിങ് നിരയെ നയിക്കുക. കഴിഞ്ഞ സീസണില്‍ കൊല്ലത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച ബേസില്‍ രഞ്ജി ട്രോഫിയിലും തിളങ്ങിയിരുന്നു. ബേസിലിനൊപ്പം രാഹുല്‍ ചന്ദ്രനും മുഹമ്മദ് നസീലും ആദിത്യ ബൈജുവുമാണ് മറ്റ് പേസര്‍മാര്‍. കേരളത്തിന്റെ ഭാവി വാഗ്ദാനമെന്ന് വാഴ്ചത്തപ്പെടുന്ന ആദിത്യ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനം നേടിയ താരമാണ്. വിനു മങ്കാദ് ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ ഏഴ് വിക്കറ്റ് വീഴ്‌ത്തി ശ്രദ്ധേയ പ്രകടനവും കാഴ്ചവച്ചിരുന്നു. കഴിഞ്ഞ കെസിഎ പ്രസിഡന്‍സ് കപ്പിലടക്കം തിളങ്ങിയ താരമാണ് രാഹുല്‍ ചന്ദ്രന്‍. ഐപിഎല്ലില്‍ മുംബൈയ്‌ക്കായി തിളങ്ങിയ വിഘ്‌നേഷ് പുത്തൂരും ശ്രീഹരി നായരുമാണ് സ്പിന്നര്‍മാര്‍ .3.75 ലക്ഷത്തിനാണ് വിഘ്‌നേഷിനെ ആലപ്പി നിലനിര്‍ത്തിയത്.
കേരളത്തിന്റെ മുന്‍ രഞ്ജി ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ സോണി ചെറുവത്തൂരാണ് ടീമിന്റെ ഹെഡ് കോച്ച്. സൂരജ് കെ.എസ് അസിസ്റ്റന്റ് കോച്ചും കാര്‍ത്തിക് രാജന്‍ ബാറ്റിങ് കോച്ചും എച്ച്. അഭിറാം ഫീല്‍ഡിങ് കോച്ചുമായി ടീമിനൊപ്പമുണ്ട്. ഫര്‍സീന്‍ ആണ് ടീമിന്റെ മാനേജര്‍. ശ്രീജിത് (ഫിസിയോ തെറാപ്പിസ്റ്റ്) അര്‍ജുന്‍ അനില്‍ (സ്ര്‌ടെങ്ത് ആന്റ് കണ്ടീഷനിംഗ് കോച്ച്), ശ്രീവത്സന്‍ (പെര്‍ഫോമന്‍സ് അനലിസ്റ്റ്), വിജയ് ശ്രീനിവാസന്‍ (അനലിസ്റ്റ്) എന്നിവരടങ്ങുന്നതാണ് സപ്പോര്‍ട്ട് സ്റ്റാഫ്.
ടീം: അനുജ് ജോതിന്‍, അരുണ്‍ കെ എ, അര്‍ജുന്‍ സുരേഷ് നമ്പ്യാര്‍, മുഹമ്മദ് അസറുദ്ദീന്‍, ആകാശ് പിള്ള, മൊഹമ്മദ് കൈഫ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, ശ്രീരൂപ് എം പി , അഭിഷേക് പ്രതാപ്,ബാലു ബാബു, അക്ഷയ് ടി.കെ, ബേസില്‍ എന്‍.പി, രാഹുല്‍ ചന്ദ്രന്‍, ശ്രീഹരി നായര്‍, മുഹമ്മദ് നസീല്‍, ആദിത്യ ബൈജു, വിഘ്‌നേഷ് പുത്തൂര്‍.









