

ലണ്ടന്‍: ലിവര്‍പൂള്‍ എഫ്‌സിയുടെ തകര്‍പ്പന്‍ ജയത്തോടെ സീസണിലെ പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് തുടക്കമായി. സ്വന്തം മൈതാനം ആന്‍ഫീല്‍ഡില്‍ 4-2ന് ബൗണ്‍മൗത്തിനെ തോല്‍പ്പിച്ചു.
ജയം നേടിയെങ്കിലും പ്രഥമ മത്സരം ലിവറിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നില്ല. എല്ലാ വീറും വാശിയും നിറഞ്ഞു നിന്നൊരു പോരാട്ടത്തിനൊടുവില്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ ഗോളോടുകൂടിയാണ് കലാശിച്ചത്. ഗോള്‍ നേട്ടം സലാ തന്റെ മുന്‍ സഹതാരം ഡീഗോ ജോട്ടയ്‌ക്ക്ര സമര്‍പ്പിച്ചു.
രണ്ട് ഗോളിന് ആധിപത്യം പുലര്‍ത്തിയ ലിവറിനെ ബോണ്‍മൗത്ത് സമനില പിടിച്ച് കടുത്ത വെല്ലുവിളിയുയര്‍ത്തി. പ്ലേയിങ് ഇലവനില്‍ അവസരം നല്‍കിയ പുതുമുഖ സ്‌ട്രൈക്കര്‍ ഫ്‌ളോറിയന്‍ വിര്‍ട്‌സിനെ പിന്‍വലിച്ച് ലിവര്‍ കോച്ച് ആര്‍നെ സ്ലോട്ട് ഫെഡറിക്കോ കിയേസയ്‌ക്ക് കളത്തിലേക്ക് വിട്ടു. 88-ാം മിനിറ്റില്‍ കിയേസയിലൂടെ ലിവര്‍ ലീഡ് നേടി, 3-2. ഇന്‍ജുറി ടൈമില്‍ മത്സരം പുരോഗമിക്കവെ സലായുടെ മനോഹരമായൊരു ഗോളോടെ 90+4-ാം മിനിറ്റില്‍ ലിവര്‍ വിജയം തീര്‍ച്ചപ്പെടുത്തി.
കളിയുടെ തുടക്കം മുതലേ സലായുടെ ബൂട്ടുകളില്‍ നിന്നും പലവട്ടം ബൗണ്‍മൗത്ത് വലയ്‌ക്ക് നേരേ തീപന്തുകള്‍ വര്‍ഷിച്ചു. ബോണ്‍മൗത്തിന്റെ കരുത്തന്‍ ഗോളി ജോര്‍ജ്യെ പെട്രോവിച് അതെല്ലാം രക്ഷിച്ചുപോന്നു.
മത്സരത്തെ ഹരം പിടിപ്പിച്ച അവസാന നിമിഷങ്ങളിലെ ആവേശക്കാഴ്‌ച്ചകള്‍ക്ക് മുമ്പേ ലിവറിനെയും ആന്‍ഫീല്‍ഡ് ആള്‍ക്കൂട്ടത്തെയും ആശങ്കയിലാഴ്‌ത്താന്‍ ബോണ്‍മൗത്തിന് സാധിച്ചു. 2-0ന് പിന്നില്‍ നിന്ന ടീം ഘാനയില്‍ നിന്നുള്ള വലത് വിങ്ങര്‍ ആന്റോയിന്‍ സെമെന്യോയുടെ ഇരട്ടഗോളില്‍ സമനില പിടിച്ചു. 64, 76 മിനിറ്റുകളിലായിരുന്നു സെമന്യയുടെ ഈ കരുത്തന്‍ ഗോളുകള്‍.
തുടക്കം മുതല്‍ ലിവര്‍ ആണ് നിറഞ്ഞ് നിന്നത്. 37-ാം മിനിറ്റില്‍ ഹ്യൂഗോ എക്കിടിക്കെ ലിവറിന് ലീഡ് സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ലിവര്‍ ലീഡ് ഇരട്ടിയാക്കി. കോഡി ഗാക്‌പോ ആണ് ഗോള്‍ നേടിയത്.
സീസണിലെ രണ്ടാം മത്സരത്തിനായി അടുത്തയാഴ്‌ച്ച ലിവര്‍പൂള്‍ ന്യൂകാസില്‍ യുണൈറ്റഡിന്റെ തട്ടകത്തിലിറങ്ങും. ലിവറിനെ ചെറുതായൊന്ന് വെല്ലുവിളിക്കാന്‍ സാധിച്ച ബൗണ്‍മൗത്ത് അടുത്ത മത്സരത്തില്‍ വൂള്‍വ്‌സിനെ നേരിടാന്‍ സ്വന്തം മൈതാനത്തിറങ്ങും.









