

ബാഴ്സലോണ: നിലവിലെ ചാമ്പ്യന്മാര്‍ ആവേശജയത്തോടെ ലാ ലിഗ തുടങ്ങി, മിന്നും ഫോമിലാണെന്ന് സൂപ്പര്‍ താരം ലാമിന്‍ യമാലും തെളിയിച്ചു. ബാഴ്സലോണ ലാ ലിഗയിലെ ആദ്യമത്സരത്തില്‍ മയ്യോര്‍ക്കയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജപ്പെടുത്തി. യമാല്‍ ഒരു ഗോള്‍ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലെ ഗോള്‍ വേട്ടക്കാരന്‍ ബ്രസീലിന്റെ മിന്നല്‍പ്പിണര്‍ റഫീഞ്ഞയും ഫെറാന്‍ ടോറസും ബാഴ്‌സയുടെ മറ്റുഗോളുകള്‍ നേടി.
കഴിഞ്ഞ ദിവസം നടന്ന എവേ മത്സരത്തില്‍ തുടക്കംതന്നെ ബാഴ്‌സ ലീഡ് നേടി മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു. ബ്രസീലിയന്‍- സ്പാനിഷ് നീക്കത്തിനൊടുവിലായിരുന്നു ഗോള്‍ പിറന്നത്. ഏഴാം മിനിറ്റില്‍ യമാലിന്റെ അസിസ്റ്റില്‍ റഫീഞ്ഞ ഗോള്‍ നേടി ലീഡെടുത്തു.
23-ാം മിനിറ്റില്‍ മിന്നും ഫോമിലെന്നു തെളിയിച്ചുകൊണ്ട് ഫെറാന്‍ ടോറസ് ബാഴ്‌സയുടെ രണ്ടാം ഗോളും നേടി. പരിക്കേറ്റ മയ്യോര്‍ക്ക പ്രതിരോധതാരം റായില്ലോ പിന്മാറാതിരുന്നത് ബാഴ്‌സയ്‌ക്കു ഗുണമായി.
അവസരം മുതലാക്കി ഫെറാന്‍ ടോറസ് വല കുലുക്കി. എന്നാല്‍, തികച്ചും നീതീകരിക്കാനാവാത്ത നടപടിയാണ് ടോറസില്‍നിന്നുണ്ടായതെന്ന് പറഞ്ഞ് മയോര്‍ക്കന്‍ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.
റഫറി ഗോളനുവദിച്ചു. പിന്നീട് മത്സരം പരുക്കനായി. ലാ ലിഗ തുടങ്ങിയ ആദ്യദിനം തന്നെ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ഇതിനു പ്രതിഫലനമെന്നോണം 33-ാം മിനിറ്റില്‍ മനു മോര്‍ലാനസും 39-ാം മിനിറ്റില്‍ മുരിസിക്കും ചുവപ്പ് കാര്‍ഡ്കണ്ടു. പുറത്തേക്ക് ഇതോടെ മയ്യോര്‍ക്ക ഒന്‍പത് പേരായി ചുരുങ്ങി. രണ്ടാം പകുതിയുടെ അവസാനം ഇഞ്ചുറി ടൈമില്‍ ലാമിന്‍ യമാല്‍ കൂടി ഗോളടിച്ചതോടെ ബാഴ്‌സ വിജയം പൂര്‍ത്തിയാക്കി. ഗാവി നല്‍കിയ അസിസ്റ്റില്‍ നിന്നായിരുന്നു യമാലിന്റെ ഗോള്‍. മറ്റൊരു മത്സരത്തില്‍ ആല്‍വസ്, ലാവന്റയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. വലന്‍സിയ-റയല്‍ സോസിദാദ് മത്സരം 1-1 സമനിലയില്‍ കലാശിച്ചു.









