മുംബൈ: ഭാരതത്തിന്റെ ടെസ്റ്റ് ടീം നായകന്‍ ശുഭ്മന്‍ ഗില്ലിനെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായുള്ള സെലക്ഷന്‍ കമ്മിറ്റി ഭാരത ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഉയരുന്ന ചോദ്യം ഗില്‍ ടീമിലുണ്ടാകുമോ എന്നതാണ്.
നിലവിലെ സാഹചര്യത്തില്‍ ഓപ്പണിങ് പൊസിഷനില്‍ അഭിഷേക് ശര്‍മയ്‌ക്കും സഞ്ജു സാംസണുമാണ് സാധ്യത. എന്നാല്‍, ഗില്ലിനെയും യശസ്വി ജയ്‌സ്വാളിനെയും ടീമിലെടുക്കണമെന്ന ആവശ്യവുമായി പ്രമുഖര്‍ രംഗത്തുണ്ട്. യശസ്വി ഓപ്പണിങ് ബാക്ക് അപ്പായി ടീമിലുണ്ടായേക്കാം. എന്നാല്‍, ഗില്ലിനെ ഓപ്പണിങ് സ്ലോട്ടില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. അഞ്ചാം നമ്പറിലിറക്കാന്‍ ഗില്ലിനെ പരിഗണിക്കുമെന്ന വിവരവുമുണ്ട്. അതേസമയം, സഞ്ജു സാംസണ് പകരം ഐപിഎല്ലിലെ ടോപ് സ്‌കോററായ സായ് സുദര്‍ശനോ വൈഭവ് സൂര്യവന്‍ഷിയോ യശസ്വി ജയ്‌സ്വാളോ ആണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യേണ്ടതെന്നും ശ്രീകാന്ത് പറഞ്ഞു. ഇംഗ്ലണ്ടില്‍ സഞ്ജുവിന്റെ പ്രകടനം മോശമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം, വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറയുന്നു.
സെപ്റ്റംബര്‍ ഒന്‍പതിന് ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം 10 നാണ്. യുഎഇ ആണ് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താന്‍, ഒമാന്‍ എന്നിവര്‍ക്ക് എതിരെയാണ് ഇതിന് ശേഷം ഇന്ത്യ കളിക്കുക. യഥാക്രമം സെപ്റ്റംബര്‍ 14, 19 തീയതികളിലാണ് ഈ പോരാട്ടങ്ങള്‍.