ചെന്നൈ: 64-ാമത് ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തുടക്കം. സെപ്റ്റംബര്‍ 13 മുതല്‍ 21 വരെ ജപ്പാനില്‍ നടക്കുന്ന ടോക്കിയോ വേള്‍ഡ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ടിക്കറ്റ് നേടാനുള്ള ഭാരത താരങ്ങളുടെ അവസാന അവസരമാണിത്. മലയാളി താരം ശ്രീശങ്കറടക്കം ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടാനുള്ള അവസരമാണിത്. ജാവലിന്‍ ത്രോ താരങ്ങളായ യഷ്വീര്‍ സിങ്ങും രോഹിത് യാദവും ലോകചാമ്പ്യന്‍ഷിപ്പ് ബെര്‍ത്ത് ഉറ്റുനോക്കുന്നു.
പുരുഷ ജാവലിനില്‍ ഓട്ടോമാറ്റിക് യോഗ്യത 85.50 മീറ്ററാണ്, എന്നാല്‍ ഓഗസ്റ്റ് 24 ന് മുമ്പായി ലോക റാങ്കിംഗ് ക്വാട്ടയിലൂടെ യോഗ്യത നേടാനും അത്ലറ്റുകള്‍ക്ക് അവസരമുണ്ട്. ”ടോക്കിയോയില്‍ നടക്കുന്ന വേള്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പടൃലലവെമിസമൃില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നതിന് ആഗോള റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിന് യഷ്വീര്‍ സിങ്ങും രോഹിത് യാദവും ചെന്നൈയില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കണം,” മുഖ്യ ദേശീയ അത്ലറ്റിക്‌സ് പരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. 25 കാരനായ രോഹിത് യാദവിന്റെ സീസണിലെ മികച്ച ദൂരം 80.47 മീറ്ററാണ്. 23 കാരനായ യഷ്വീര്‍ സിങ്ങിന്റെ സീസണിലെ മികച്ച ദൂരം 82.57 മീറ്ററാണ്. ആഗസ്ത് 24നാണ് പുരുഷ വിഭാഗം ജാവലിന്‍ ഫൈനല്‍ നടക്കുക. നിലവിലെ ചാമ്പ്യന്‍ എന്ന നിലയില്‍, ഭാരതത്തിന്റെ സുവര്‍ണതാരം നീരജ് ചോപ്രയ്‌ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ട്. അതിനാല്‍ ഇവിടെ അദ്ദേഹം മത്സരിക്കുന്നില്ല.
പുരുഷ ലോങ്ജമ്പില്‍ ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ മുരളി ശ്രീശങ്കറിലും പ്രതീക്ഷയേറെയാണ്. പരിക്കിനെത്തുടര്‍ന്ന് നീണ്ട ഇടവേളയ്‌ക്ക് ശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയ കേരളത്തിന്റെ അന്താരാഷ്‌ട്ര ജമ്പര്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനുള്ള തയാറെടുപ്പിലാണ്. ശ്രീശങ്കര്‍ ഫിറ്റാണ്. ലോങ്ജമ്പില്‍ 8.27 മീറ്റര്‍ എന്ന ഓട്ടോമാറ്റിക് യോഗ്യതാ മാര്‍ക്ക് നേടാന്‍ അദ്ദേഹത്തിന് കഴിയണം,” ശ്രീശങ്കറിന്റെ അച്ഛനും പരിശീലകനുമായ എസ് മുരളി പറഞ്ഞു. ലോങ്ജമ്പ് കിരീടത്തിലേക്കുള്ള യാത്രയില്‍, ഭുവനേശ്വറില്‍ നടന്ന കോണ്ടിനെന്റല്‍ ടൂറില്‍ ശ്രീശങ്കര്‍ 8.13 മിനിറ്റ് ചാടി സ്വര്‍ണം നേടിയിരുന്നു.
ശ്രീശങ്കറിനെ കൂടാതെ, കര്‍ണാടകയുടെ ലോകേഷ് സത്യനാഥനും ലോക ചാമ്പ്യഷിപ്പിനായി ശ്രമിക്കും.
ഫീല്‍ഡ് ഇവന്റുകള്‍ക്ക് പുറമെ, ഇന്ത്യയുടെ മുന്‍നിര സ്പ്രിന്ററായ അനിമേഷ് കുജുറിനും 2025-ല്‍ ജപ്പാനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടാന്‍ അവസരമുണ്ട്. അനിമേഷിന് മികച്ച ലോക റാങ്കിംഗ് പോയിന്റുകളുണ്ട്. മികച്ച ഫഓമില്‍ അനിമേഷ് ഓടുമെന്ന് രാധാകൃഷ്ണന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. പുരുഷന്മാരുടെ 200 മീറ്റര്‍ പ്രാഥമിക റൗണ്ട് ഓഗസ്റ്റ് 22-നും ഫൈനല്‍ 23നും നടക്കും.