മുംബൈ: രഞ്ജി ട്രോഫി ജേതാക്കളായ മുംബൈ ടീം നായക പദവിയില്‍ നിന്ന് ഭാരത ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ ഒഴിഞ്ഞു. പുതിയ സീസണ്‍ മുന്നില്‍ കണ്ട് പുതുതലമുറയില്‍ നിന്നൊരാളെ നായക പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഒഴിവാകുന്നതെന്ന് രഹാനെ പറഞ്ഞു. രഞ്ജിയില്‍ മുംബൈയുടെ ഏഴ് വര്‍ഷം നീണ്ട കിരീട വരള്‍ച്ച അവസാനിപ്പിച്ച നായകനാണ് അജിങ്ക്യ രഹാനെ.
ഒരു കാലത്ത് ഭാരതത്തിന്റെ ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ ആധിപത്യം പുലര്‍ത്തിയ മുംബൈയെ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി എന്ന പ്രതീതി സൃഷ്ടിക്കാന്‍ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിന് സാധിച്ചു. രഞ്ജി സീസണ്‍ 2024-25 ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ചാണ് മുംബൈ കിരീടം നേടിയത്.
ഭാരത ക്രിക്കറ്റ് ടീം ഉപനായകനായിരുന്ന അജിങ്ക്യ രഹാനെ ഭാരതത്തിനായും അത്ഭുതങ്ങള്‍ കാട്ടിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള പല വമ്പന്‍ ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ ക്യാപ്റ്റന്റെ അഭാവത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ രഹാനെയ്‌ക്ക് സാധിച്ചിരുന്നു.
മുംബൈ ക്രിക്കറ്റിന്റെ ഭാവിയിലേക്ക് ഒരു നായകനെ വേണം. അത്തരത്തിലൊരാളെ പാകപ്പെടുത്തിയെടുക്കാന്‍ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ട ഏറ്റവും മികച്ച സമയമാണിതെന്ന് രഹാനെ പറഞ്ഞു. ‘മുംബൈ ടീമിന്റെ ക്യാപ്റ്റനാകുവാനും രഞ്ജി കിരീടം നേടുവാനും സാധിച്ചത് വലിയ ആദരമായി കണക്കാക്കുന്നു. പുതിയൊരു സീസണ്‍ മുന്നിലെത്തിക്കൊണ്ടിരിക്കുമ്പോള്‍ നയിക്കാന്‍ പറ്റിയൊരാളെ ഒരുക്കിയെടുക്കണം, അതിനാല്‍ മുംബൈയുടെ ക്യാപ്റ്റന്‍ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല’- രഹാനെ എക്‌സില്‍ കുറിച്ചു.
37കാരനായ രഹാനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നൊഴഞ്ഞാലും ടീമില്‍ തുടരുമെന്ന് അറിയിച്ചു. ഒരു ബാറ്റര്‍ എന്ന നിലയില്‍ ടീമിന് ആവശ്യമായ സേവനങ്ങളുമായി ഉണ്ടാകുമെന്ന് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജേതാക്കളായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ രഹാനെയായിരുന്നു. മുംബൈയ്‌ക്ക് വേണ്ടി രഹാനെ 76 മത്സരങ്ങളില്‍ നിന്നായി 52 റണ്‍സ് ശരാശരിയില്‍ 5932 റണ്‍സെടുത്തിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ 19 സെഞ്ച്വറികളും നേടി.