മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളൊന്നും തന്നെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കില്ല. ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ ഗ്രീന്‍ഫീല്‍ഡിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പക്ഷെ ഐസിസി ഇന്നലെ പുറത്തിറക്കിയ അന്തിമ തീരുമാനത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പട്ടികയിലുണ്ടായിരുന്നില്ല. ചിന്നസ്വാമിയില്‍ കളിക്കാന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ നവി മുംബൈയിലെ ഡോ. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരിക്കും നടക്കുക.
ഭാരതത്തിലെ നാല് വേദികളിലും ശ്രീലങ്കയിലെ കൊളംബോയിലുമായാണ് വനിതാ ലോകകപ്പ് ക്രിക്കറ്റ് 2025 നടക്കുക. തിരുവനന്തപുരത്ത് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്താല്‍ ബാക്കി സ്ഥലങ്ങളിലേക്ക് താരങ്ങള്‍ക്ക് എത്തിപ്പെടാനുള്ള വ്യോമയാന സൗകര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മറ്റ് വേദികളോട് ചേര്‍ന്നുള്ള എല്ലാ നഗരങ്ങളിലേക്കും ഫ്‌ളൈറ്റ് സര്‍വീസുകളില്ല. വിവിധ ടീമുകള്‍ പല ദിവസങ്ങളിലായി തിരുവനന്തപുരത്ത് വന്ന് പോകുന്നത് വലിയ യാത്രാ ക്ലേശം സൃഷ്ടിച്ചേക്കും. താരങ്ങള്‍ക്ക് വിശ്രമിക്കാനും പരിശീലനത്തിലേര്‍പ്പെടാനുമുള്ള സമയം അപഹരിക്കപ്പെടുമെന്നതിനാല്‍ ബെംഗളൂരുവിന് പകരം പരിഗണനയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ ഒഴിവാക്കുകയായിരുന്നു.
നവി മുംബൈയ്‌ക്കും കൊളംബോയ്‌ക്കും പുറമെ വിശാഖപട്ടണം, ഇന്‍ഡോര്‍, ഗുവാഹത്തി എന്നിവിടങ്ങളിലാണ് ബാക്കി മത്സരങ്ങള്‍ നടക്കുക. ഇവയ്‌ക്കൊപ്പം നേരത്തെ തന്നെ ചിന്നസ്വാമി സ്റ്റേഡിയത്തെ ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്കായി നിശ്ചയിച്ചിരുന്നതാണ്. കഴിഞ്ഞ ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ 11 പേര്‍ മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്നാണ് ഐസിസി വേദി മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
12 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആദ്യമായാണ് ഭാരതത്തില്‍ വനിതാ ലോകകപ്പ് ക്രിക്കറ്റ് വിരുന്നെത്തുന്നത്. പാക് താരങ്ങള്‍ ഭാരതത്തിലെത്തി കളിക്കുന്നത് ഒഴിവാക്കുന്നതിനായാണ് ശ്രീലങ്കന്‍ തലസ്ഥാന നഗരമായ കൊളംബോയെയും സഹ ആതിഥേയരായി ഉള്‍പ്പെടുത്തിയത്. പാക് വനിതകള്‍ ഫൈനലില്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ കലാശപ്പോരാട്ടം കൊളംബോയിലായിരിക്കും നടക്കുക. അടുത്ത മാസം 30ന് ആരംഭിക്കുന്ന ലോകകപ്പ് നവംബര്‍ രണ്ടിന് ഫൈനലോടെ സമാപിക്കും.