ചെന്നൈ: സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റിന്റെ മൂന്നാം ദിനം കേരളം സ്വര്‍ണനേട്ടം ആഘോഷിച്ചു. പുരുഷന്‍മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ബിലിന്‍ ജോര്‍ജ് ആന്റോ ആണ് സ്വര്‍ണം നേടിയത്. ഒരു മണിക്കൂര്‍ 29:35.12 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ബിലിന്‍ ഇന്നലെ സ്വര്‍ണം നേടിയത്. ആദ്യ ദിനം ട്രിപ്പിള്‍ ജംപില്‍ സാന്ദ്ര ബാബു ആണ് കേരളത്തിനായി ആദ്യ സ്വര്‍ണം സമ്മാനിച്ചത്.
20 കിലോമീറ്റര്‍ പുരുഷ നടത്തത്തില്‍ ബിലിന്‍ ജോര്‍ജിന് പിന്നില്‍ രണ്ടാമതെത്തി വെള്ളി നേടിയത് രാജസ്ഥാന്റെ മുകേഷ് നിതര്‍വാള്‍ ആണ്. മണിപ്പൂരിന്റെ ഖന്‍ഗെംബം മൂന്നാമത് ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി.
കേരളത്തിന് ഇന്നലെ ഇതുകൂടാതെ മൂന്ന് വെങ്കലം കൂടി നേടാനായി. മത്സരങ്ങള്‍ രാത്രി വൈകിയും പുരോഗമിക്കുകയാണ്.
വനിതകളുടെ 4-100 മീറ്റര്‍ റിലേ, വനിതകളുടെ നൂറ് മീറ്റര്‍ ഹര്‍ഡില്‍സ്, പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് കേരളം ഇന്നലെ മെഡല്‍ നേടിയത്. മൂന്ന് ഇനങ്ങളിലും വെങ്കലമായിരുന്നു.
100 മീറ്റര്‍ വനിതാ റിലേയില്‍ ഷില്‍ബി പി, ആരാധ്യ എ, അഞ്ചലി സി, ജില്‍നം വി എന്നിവരടങ്ങിയ ടീം ആണ് വെങ്കലം നേടിയത്. 46.54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. 44.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തമിഴ്‌നാടാണ് 4-100 മീറ്റര്‍ വനിതാ റിലേയില്‍ സ്വര്‍ണം നേടിയത്. പവിത്ര ആര്‍, അഭിനയ രാജരാജന്‍, എയ്ഞ്ചല്‍ സില്‍വിയ എം, ധനലക്ഷ്മി എന്നിവരടങ്ങിയ ടീം ആണ് തമിഴ്‌നാടിനായി മത്സരിച്ചത്. പ്രാവോ ബി, വി സുധീക്ഷ, ധനേശ്വരി ടി, സ്‌നേഹ എസ്എസ് എന്നിവരുള്‍പ്പെട്ട കര്‍ണാടക ടീം ആണ് ഈ ഇനത്തില്‍ വെള്ളി നേടിയത്. 45.34 സെക്കന്‍ഡില്‍ ഇവര്‍ ഫിനിഷ് ചെയ്തു.
4-100 മീറ്റര്‍ റിലേ ടീമില്‍ മത്സരിച്ച അഞ്ചലി സി 100 മീറ്റര്‍ വനിതാ ഹര്‍ഡില്‍സില്‍ കേരളത്തിനായി വ്യക്തിഗത വെങ്കലം നേടി. 13.68 സെക്കന്‍ഡില്‍ അഞ്ചലി ഫിനിഷ് ചെയ്തു. ബംഗാളിന്റെ മൗമിത മോന്‍ഡാല്‍(13.22), തമിഴ്‌നാടിന്റെ നന്ദിനി കെ(13.45) എന്നിവര്‍ ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും നേടി.
110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിനായി മുഹമ്മദ് ലാസന്‍ വെങ്കലം നേടി. 14.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലാസന്റെ വെങ്കല നേട്ടം. ഈ ഇനത്തില്‍ മഹാരാഷ്‌ട്രയുടെ തേജസ് ഷിര്‍സെ(13.60) സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മാനവ് ആര്‍ 14.03 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടി.