മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെലക്ഷന്‍ കമ്മിറ്റിയിലുണ്ടാകാവുന്ന ഒഴിവുകള്‍ നികത്താനുള്ള അപേക്ഷ ക്ഷണിച്ചു. ബിസിസിഐ ഇന്നലെ ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. ഭാരതത്തിന്റെ ദേശീയ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയിലേക്ക് രണ്ട് പേരെയും വനിതാ ടീം സെലക്ഷന്‍ കമ്മിറ്റിയിലേക്ക് നാല് പേരെയും ആയിരിക്കും തെരഞ്ഞെടുക്കുക.
ഭാരതത്തിന്റെ മുന്‍ പേസ് ബൗളര്‍ അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റി അതേ പടി തുടരും. പക്ഷെ രണ്ട് പേരെ മാറ്റി പുതുതായി തെരഞ്ഞെടുക്കുന്നവരെ നിയോഗിക്കാനാണ് ബിസിസിഐ തീരുമാനം. അഗാര്‍ക്കര്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ എസ്.എസ്. ദാസ്, സുബ്രതോ ബാനര്‍ജി, അജയ് രത്ര, എസ്. ശരത്ത് എന്നിവരാണ് നിലവിലെ സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. ഇവരില്‍ ആരാണ് ഒഴിവാകുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
നീതു ഡേവിഡ് നേതൃത്വം നല്‍കുന്ന വനിതാ സെലക്ഷന്‍ കമ്മിറ്റിയില്‍ രേണു മാര്‍ഗരേറ്റ്, ആരതി വൈദ്യ, കല്‍പ്പന വെങ്കടാചാര്‍, ശ്യാമ ഡേ ഷാ എന്നിവരാണുള്ളത്. ഈ കമ്മിറ്റിയില്‍ നാല് പേരെയാണ് പുതുതായി മാറ്റി നിയമിക്കുക. സപ്തംബര്‍ 10 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഏഴ് അന്താരാഷ്‌ട്ര ടെസ്റ്റ് മത്സരങ്ങളെങ്കിലും കളിച്ചിരിക്കണമെന്നതാണ് സെലക്ഷന്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത. പത്ത് അന്താരാഷ്‌ട്ര ഏകദിനങ്ങളിലും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും കളിച്ചവരെയും പരിഗണിക്കും. സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങളുടെ കരാര്‍ ഓരോ വര്‍ഷത്തേക്കുമാണ് പുതുക്കാറുള്ളത്.