തിരുവനന്തപുരം: കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 34 റണ്‍സിനാണ് ആലപ്പി റിപ്പിള്‍സിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിള്‍സ് 19.2 ഓവറില്‍ 149 റണ്‍സിന് ഓള്‍ ഔട്ടായി. കൊച്ചിയ്‌ക്ക് വേണ്ടി നാല് വിക്കറ്റ് വീഴത്തിയ മൊഹമ്മദ് ആഷിഖാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
കൂറ്റന്‍ സ്‌കോറാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആലപ്പി റിപ്പിള്‍സിന് മുന്നില്‍ വച്ചത്. മുന്‍നിരയില്‍ വിനൂപ് മനോഹരനും വാലറ്റത്ത് ആല്‍ഫി ഫ്രാന്‍സിസുമാണ് കൂറ്റനടികളിലൂടെ കൊച്ചിയുടെ സ്‌കോര്‍ ഉയര്‍ത്തിയത്.12 റണ്‍സിലും കൂടുതല്‍ ശരാശരിയിലാണ് കൊച്ചിയുടെ ഇന്നിങ്‌സ് മുന്നോട്ടു നീങ്ങിയത്. 11 റണ്‍സെടുത്ത വിപുല്‍ ശക്തിയെ നാലാം ഓവറില്‍ വിഘ്‌നേഷ് പുത്തൂര്‍ പുറത്താക്കി. ക്യാപ്റ്റന്‍ സാലി സാംസന്റെയായിരുന്നു അടുത്ത ഊഴം. ആദ്യ പന്തില്‍ തന്നെ സിക്‌സുമായാണ് സാലി തുടങ്ങിയതെങ്കിലും മൂന്നാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. 13 റണ്‍സെടുത്ത സഞ്ജു സാംസനെ ജലജ് സക്‌സേനയാണ് പുറത്താക്കിയത്. തുടരെ വീണ വിക്കറ്റുകള്‍ കൊച്ചിയുടെ റണ്‍റേറ്റിനെയും ബാധിച്ചു. ശരാശരി സ്‌കോറില്‍ ഒതുങ്ങുമെന്ന് തോന്നിച്ച കൊച്ചിയുടെ ഇന്നിങ്‌സിനെ 183 വരെയെത്തിച്ചത് ആല്‍ഫി ഫ്രാന്‍സിസിന്റെ ഉദജ്ജ്വല ഇന്നിങ്‌സാണ്. 13 പന്തുകളില്‍ ഒരു ഫോറും നാല് സിക്‌സുമടക്കം 31 റണ്‍സുമായി ആല്‍ഫി പുറത്താകാതെ നിന്നു. ആലപ്പിയ്‌ക്ക് വേണ്ടി ശ്രീഹരി എസ് നായരും, അക്ഷയ് ചന്ദ്രനും ജലജ് സക്‌സേനയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പിയ്‌ക്ക് അക്ഷയ് ചന്ദ്രനും ജലജ് സക്‌സേനയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. ജലജ് സക്‌സേനയെ(16) ക്ലീന്‍ ബൗള്‍ഡാക്കി കെ എം ആസിഫ് കൊച്ചിക്ക് ആദ്യ ബ്രേക് ത്രൂ നല്കി. 11 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീനെ ആല്‍ഫി ഫ്രാന്‍സിസും 33 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെ വിനൂപ് മനോഹരനും പുറത്താക്കിയതോടെ ആലപ്പിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. വിക്കറ്റുകള്‍ മുറയ്‌ക്ക് വീണതോടെ 149 റണ്‍സിന് ആലപ്പിയുടെ ഇന്നിങ്‌സിന് അവസാനമായി. കൊച്ചിയ്‌ക്ക് വേണ്ടി കെ എം ആസിഫും മൊഹമ്മദ് ആഷിക്കും നാല് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.