തിരുവനന്തപുരം: കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് 210 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 209 റണ്‍സ് നേടിയത്.
കെസിഎല്‍ രണ്ടാം സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. സീസണിലെ ആദ്യ സെഞ്ച്വറിയുമായി തകര്‍ത്തടിച്ച അഹ്മദ് ഇമ്രാന്റെ പ്രകടനമാണ് തൃശൂരിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
കെസിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ഇന്നിങ്‌സായിരുന്നു അഹ്മദ് ഇമ്രാന്റേത്. വെറും 24 പന്തുകളില്‍ അന്‍പത് തികച്ച താരം 54 പന്തുകളില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. പേസ് സ്പിന്‍ വ്യത്യാസമില്ലാതെ, നേരിട്ട എല്ലാ ബൌളര്‍മാരെയും അഹ്മദ് ഇമ്രാന്‍ അതിര്‍ത്തി കടത്തി. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഇബ്‌നുള്‍ അഫ്താബിന്റെ പന്ത് ഹെല്‍മെറ്റില്‍ കൊണ്ടെങ്കിലും കൂസാതെ ബാറ്റിങ് തുടരുകയായിരുന്നു ഇമ്രാന്‍. സ്വീപ്പും റിവേഴ്‌സ് സ്വീപ്പും, കട്ടും അപ്പര്‍ കട്ടും അടക്കം എല്ലാ ഷോട്ടുകളും പായിച്ച ഇമ്രാന്‍ യോര്‍ക്കര്‍ ലെങ്ത് പന്തുകളെപ്പോലും അനായാസം അതിര്‍ത്തി കടത്തി. ഒടുവില്‍ 18ആം ഓവറിലായിരുന്നു താരം സെഞ്ച്വറി തികച്ചത്.
ഇമ്രാനൊപ്പം ഇന്നിങ്‌സ് തുറന്ന ആനന്ദ് കൃഷ്ണന്‍ ഏഴ് റണ്‍സുമായി തുടക്കത്തില്‍ തന്നെ മടങ്ങി. എന്നാല്‍ ഷോണ്‍ റോജര്‍ക്കൊപ്പം ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അഹ്മദ് ഇമ്രാന്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 26 പന്തുകളില്‍ ആറ് ഫോറടക്കം 35 റണ്‍സെടുത്ത ഷോണ്‍ റോജറെ മോനു കൃഷ്ണ ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു. അവസാന ഓവറുകളില്‍ (24) പുറത്താകാതെ നിന്ന എ കെ അര്‍ജുന്റെ ഇന്നിങ്‌സാണ് തൃശൂരിന്റെ ഇന്നിങ്‌സ് 200 കടത്തിയത്.