ചെന്നൈ: ഇന്റര്‍ സ്‌റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം നാലാമത്. കേവലം 85 പോയിന്റാണ് കേരളത്തിനുള്ളത്. 195 പോയിന്റ് നേടി ഭാരത അത്‌ലറ്റിക്‌സിന്റെ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന തമിഴ്‌നാടിനാണ് കിരീടം. 121 പോയിന്റുമായി ഹരിയാന രണ്ടാമതും നൂറു പോയിന്റുള്ള ഉത്തര്‍പ്രദേശ് മൂന്നാമതുമാണ്. പുരുഷ വിഭാഗത്തിനും ചാമ്പ്യന്മാരായത് തമിഴ്‌നാടുതന്നെ. സീനിയര്‍ അത്‌ലറ്റിക്‌സില്‍ മികച്ച പുരുഷ താരമായി തമിഴ്‌നാടിന്റെ 400 മീറ്റര്‍ താരം ടി.കെ. വിശാല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വനിതാ വിഭാഗത്തില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സ്വര്‍ണം നേടിയ ഉത്തരാഖണ്ഡിന്റെ അങ്കിത മികച്ച താരമായി.
ഉത്തര്‍പ്രദേശിന്റെ ജാവലിന്‍ താരം രോഹിത് യാദവ് അടുത്ത മാസം ടോക്കിയോയില്‍ നടക്കുന്ന അത്‌ലറ്റിക്‌സ് ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. 83.65 മീറ്റര്‍ കണ്ടെത്തിയ രോഹിത് സ്വര്‍ണവും ടോക്കിയോ ക്വാട്ടയും സ്വന്തമാക്കി. രണ്ടും മൂന്നാം സ്ഥാനങ്ങളിലെത്തിയ സച്ചിന്‍ യാദവ്, ശിവം ലോഹക്കാരെ എന്നിവര്‍ക്കും ടോക്കിയോ ക്വാട്ട ലഭിച്ചു. എന്നാല്‍ മൂവര്‍ക്കും ഇന്ത്യന്‍ ക്വാട്ടയിലാണ് യോഗ്യത. യോഗ്യതാ മാര്‍ക്കായ 85.50 കണ്ടെത്താന്‍ ആര്‍ക്കുമായില്ല. ഇന്നലെ നടന്ന പുരുഷന്മാരുടെ ലോങ് ജംപില്‍ കേരളത്തിന്റെ ശ്രീശങ്കര്‍ മുരളി സ്വര്‍ണം നേടി. 8.06 മീറ്റര്‍ കണ്ടെത്തിയെങ്കിലും യോഗ്യതാ മാര്‍ക്ക് മറികടക്കാനായില്ല. എന്നാല്‍, ലോകചാമ്പ്യന്‍ഷിപ്പിന്റെ കട്ട് ഓഫ് തീയതിയായ ഓഗസ്റ്റ് 27ലെ റാങ്കിങ് പ്രഖ്യാപനത്തില്‍ ശ്രീശങ്കര്‍ മുന്നിലെത്തിയാല്‍ ടോക്കിയോയ്‌ക്ക് പറക്കാനുള്ള സാധ്യത തെളിയും. കര്‍ണാടകയുടെ എസ്. ലോകേഷ് (7.71) വെള്ളിയും തമിഴ്‌നാടിന്റെ ആര്‍. സ്വാമിനാഥനു (7.70 മീറ്റര്‍) വെങ്കലവും ലഭിച്ചു. ഹെപ്റ്റാത്തലണിലും കേരളത്തിനാണ് സ്വര്‍ണം. 3196 പോയിന്റ് നേടായാണ് അനാമിക സ്വര്‍ണം സ്വന്തമാക്കിയത്.തമിഴ്‌നാടിന്റെ ദീപികയ്‌ക്കാണ് വെള്ളി. വനിതകളുടെ 10000 മീറ്ററില്‍ കേരളത്തിന്റെ റീബ ജോര്‍ജിനാണ് വെള്ളി. പുരുഷ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ തമിഴ്‌നാ്ട് സ്വര്‍ണം നേടി. പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയില്‍ കര്‍ണാടകയ്‌ക്കാണ് സ്വര്‍ണം. പഞ്ചാബ് വെള്ളിയും തമിഴ്‌നാട് വെങ്കലവും നേടി. ഈ രണ്ട് ഇനത്തിലും കേരളത്തിന് മെഡലില്ല.