പാരീസ്: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. പാരീസ് ഒളിമ്പിക്സ് നടന്ന അതേവേദിയിലാണ് ലോക ചാമ്പ്യന്‍ഷിപ്പും അരങ്ങേറുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ലോകവേദികളില്‍ യശസ് ഉയര്‍ത്തിയ ബാഡ്മിന്റണില്‍ ഭാരതം പക്ഷേ, കഴിഞ്ഞ ഒളിമ്പിക്സില്‍ അമ്പേ നിരാശപ്പെടുത്തിയിരുന്നു. 2008 മുതല്‍ സ്ഥിരമായി ഒളിമ്പിക് മെഡല്‍ ലഭിച്ചിരുന്ന ബാഡ്മിന്റണില്‍ പക്ഷേ, പാരീസ് ഒളിമ്പിക്സില്‍ മെഡലുകളൊന്നും ലഭിച്ചില്ല. ഈ ക്ഷീണം അതേ വേദിയില്‍വച്ച് തീര്‍ക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഭാരതം ഇറങ്ങുന്നത്. എന്നാല്‍, കാര്യങ്ങള്‍ അത്രയെളുപ്പമാകില്ല എന്നതാണ് മത്സരക്രമം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന്റെ ആദ്യറൗണ്ട് എതിരാളി ടോപ് സീഡും ലോക ഒന്നാം നമ്പര്‍ താരവുമായ ചൈനയുടെ ഷി യു ക്വിയാണ്. ലക്ഷ്യ ലോക റാങ്കിങ്ങില്‍ 21-ാം സ്ഥാനത്താണ്. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയ നാല് മത്സരങ്ങളില്‍ മൂന്നിലും ജയിച്ചത് ചൈനീസ് താരം. ലക്ഷ്യ ജയിച്ചത് ഒന്നില്‍ മാത്രം. ഭാരതത്തിന്റെ മലയാളി താരം എച്ച്. എസ്. പ്രണോയിയുടെ ആദ്യറൗണ്ട് എതിരാളി ലോകറാങ്കിങ്ങില്‍ 48-ാമതുള്ള ഫിന്‍ലന്‍ഡിന്റെ ജൊവാക്കിം ഒള്‍ഡോര്‍ഫാണ്. സമീപകാലത്ത് പ്രണോയിയുടെ പ്രകടനങ്ങള്‍ അത്രമികച്ചതല്ല എന്നതാണ് അദ്ദേഹത്തെ അലട്ടുന്നത്.
വനിതാ വിഭാഗത്തിലേക്കു വന്നാല്‍, പി.വി. സിന്ധുവാണ് ഭാരതത്തിന്റെ കരുത്ത്. എന്നാല്‍, സിന്ധു ഇപ്പോള്‍ അത്ര നല്ല ഫോമിലല്ല. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് മെഡലുകള്‍ നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ താരമാണ് സിന്ധു. ലോകറാങ്കിങ്ങില്‍ 15-ാമതുള്ള സിന്ധുവിന്റെ ആദ്യറൗണ്ട് എതിരാളിയെ മറികടക്കുക അത്ര വിഷമമുള്ള കാര്യമാവില്ല. 66-ാം റാങ്കിലുള്ള ബള്‍ഗേറിയയുടെ കാലയോന നല്‍ബന്റോവയാണ് ആദ്യറൗണ്ടില്‍ സിന്ധുവിന്റെ എതിരാളി. എന്നാല്‍, രണ്ടാം റൗണ്ടില്‍ ചൈനയുടെ രണ്ടാം സീഡ് വാങ് സി യിയുമായി സിന്ധുവിന് കൊമ്പുകോര്‍ക്കേണ്ടി വരും. ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 2-2 എന്ന നിലയില്‍ തുല്യത പാലിക്കുന്നു. പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ ടോപ് സീഡ് സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യം പ്രതീക്ഷയോടെയാണ് ആദ്യറൗണ്ടില്‍ ഇറങ്ങുന്നത്. ലോകറാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുള്ള ഭാരത സഖ്യം ചൈനയുടെ ആറാം സീഡ് ലിയാങ് വേയി കെങ്- വാങ് ചാങ് സഖ്യത്തെയാണ് നേരിടേണ്ടത്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 6-2ന് മുന്നിലാണ് ഇന്ത്യന്‍ സഖ്യം. ഹരിഹരന്‍- റൂന്‍ കുമാര്‍ സഖ്യവും പുരുഷ ഡബിള്‍സില്‍ ഭാരതത്തെ പ്രതിനിധീകരിക്കും.
വനിതാ ഡബിള്‍സില്‍ ഭാരതത്തിനായി പ്രിയ കോഞ്ജെങ്ബാമും ശ്രുതി മിശ്രയും ഇറങ്ങുമ്പോള്‍ എതിരാളിയായി വരുന്നത് മാര്‍ഗറ്റ് ലാംബെര്‍ട്ടും കാമില്ലെ പോഗ്‌നാറ്റെയുമാണ്. റിതുപര്‍ണ പാണ്ഡെ- ശ്വേതപര്‍ണ പാണ്ഡെ എന്ന സഖ്യവും ഭാരതത്തിനായി ബാറ്റേന്തും. മിക്സഡ് ഡബിള്‍സില്‍ ലോകറാങ്കിങ്ങില്‍ 33-ാമതുള്ള രോഹന്‍ കപൂര്‍- റുത്വിക ഗഡ്ഡെ സഖ്യത്തിന് എതിരാളികളായി വരുന്നത് മക്കാവുവിന്റെ ലിയോങ് -വെങ് ചി സഖ്യമാണ്.
2011നു ശേഷം ലോക ചാമ്പ്യചന്‍ഷിപ്പില്‍ എല്ലാ വര്‍ഷവും ഇന്ത്യ മെഡലുകള്‍ നേടിയിട്ടുണ്ട്.