ന്യൂദല്‍ഹി: ആഷിഖ് കരുണിയന്‍, മുഹമ്മദ് ഉവൈസ്, ജിതിന്‍ എം.എസ് എന്നീ മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ഖാലിദ് ജമീലിന്റെ ആദ്യ ഭാരത ടീം പ്രഖ്യാപനം.
ഭാരത ഫുട്‌ബോള്‍ ടീം പരിശീലകനായ ഖാലിദ് ജമീലിന്റെ പ്രഥമ ദൗത്യത്തില്‍ രാജ്യത്തെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് താരങ്ങള്‍ ആരുമില്ല. വമ്പന്‍ ക്ലബ്ബ് താരങ്ങളെ വിട്ടുനല്‍കാന്‍ തയ്യാറാകാതെ വന്നതിനാല്‍ മറ്റൊരു മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് ടീമിലിടം കിട്ടിയില്ല. വമ്പന്‍ ക്ലബ്ബ് താരങ്ങളില്ലാതെ കളിക്കേണ്ടിവരുന്നത് വലിയ വെല്ലുവിളിയാകുമെന്നറിയാം ആ സാഹചര്യത്തോട് പൊരുത്തപ്പെട്ട് ടീം പാകപ്പെടാനായാണ് ഇതെന്ന് കോച്ച് പ്രതികരിച്ചു. കാഫാ നേഷന്‍സ് കപ്പിനുള്ള ഭാരത ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
വെള്ളിയാഴ്‌ച്ചയാണ് ഭാരതത്തിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട ഭാരതത്തിന്റെ എതിരാളികള്‍ ആതിഥേയരായ താജിക്കിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ്. താജിക്കിസ്ഥാനിലെ ഹിസാറില്‍ ആണ് മത്സരങ്ങള്‍ വെള്ളിയാഴ്‌ച്ച താജിക്കിസ്ഥാനെതിരെയാണ് ആദ്യ മത്സരം. രണ്ടാം മത്സരം അടുത്ത തിങ്കളാഴ്‌ച്ച ഇറാനെതിരെ. സപ്തംബര്‍ നാലിന് നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ ഭാരതം അഫ്ഗാനിസ്ഥാനെ നേരിടും.
വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന വിധത്തില്‍ ടീമിനെ പരുവപ്പെടുത്തലാണ് ആദ്യ ലക്ഷ്യമെന്ന് ഖാലിദ് ജമീല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) അധ്യക്ഷന്‍ കല്യാണ്‍ ചൗബേ, ഉപാധ്യക്ഷന്‍ എന്‍.എ. ഹാരീസ് എന്നിവരും പങ്കെടുത്തു.
കാഫാ നേഷന്‍സിനുള്ള ടീമില്‍ ഭാരത ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയെ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ പരിക്ക് കാരണം വിശ്രമത്തിലാണ് ഛേത്രി. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ടീമിനൊപ്പം യോജിക്കാമെന്ന് ഖാലിദ് ജമീല്‍ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു. കാഫാ നേഷന്‍സില്‍ ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള മത്സരങ്ങള്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും സുനില്‍ ഛേത്രിയുടെ സാന്നിധ്യം അത്യാവശ്യമായി വരുമെന്ന് ജമീല്‍ പറഞ്ഞു.