ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ആദ്യ റൗണ്ട് മത്സരം അനായാസം മറികടന്ന് സൂപ്പര്‍ താരങ്ങളായ അരീന സബലെങ്ക, ജാസ്മിന്‍ പാവോലീനി, നോവാക് ദ്യോക്കോവിച്. വനിതാ സിംഗിള്‍സിലെ ഒന്നാം സീഡ് താരം സബലെങ്ക ആദ്യ മത്സരത്തില്‍ റബേക്ക മസറോവയെ നേരിട്ടുള്ള സെറ്റിന് കീഴടക്കി. സ്‌കോര്‍ 7-5, 6-1നാണ് സബലെങ്കയുടെ വിജയം. വനിതാ സിംഗിള്‍സില്‍ ഏഴാം സീഡ് താരമായി ഇറങ്ങിയ ജാസ്മിന്‍ പാവോലീനി നേരിട്ടുള്ള സെറ്റ് വിജയത്തോടെ ആദ്യ റൗണ്ട് കടന്നു. ഇറ്റിലിക്കാരിയായ പാവോലിനി ഡെസ്റ്റാനീ ഐയാവയെ ആണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 7-6(7-4)നായിരുന്നു പാവോലീനിയുടെ വിജയം. വനിതാ സിംഗിള്‍സില്‍ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ യലേന ഒസ്റ്റാപെങ്കോ, ബെലിന്ദ ബെങ്കിച്, അന്ന ബ്ലിങ്കോവ, ബാര്‍ബോറ ക്രെയ്‌സിക്കോവ, ജെസീക്ക പെഗ്യൂല എന്നിവര്‍ ആദ്യ റൗണ്ട് മത്സരം വിജയിച്ചു.
പുരുഷ സിംഗിള്‍സില്‍ ഏഴാം സീഡ് താരമായി ഇറങ്ങിയ സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച് നേരിട്ടുള്ള സെറ്റ് വിജയം സ്വന്തമാക്കി. അമേരിക്കയുടെ ലേണര്‍ ടിയെന്‍ ആണ് ദ്യോക്കോവിച്ചിന് മുന്നില്‍ കീഴടങ്ങിയത്. സ്‌കോര്‍ 6-1, 7-6(7-3), 6-2നായിരുന്നു ദ്യോക്കോവിച്ചിന്റെ വിജയം. 13-ാം സീഡായി ഇറങ്ങിയ ഡാനില്‍ മെദ് വെദെവ് സീഡില്ലാ താരം ബെഞ്ചമിന്‍ ബോന്‍സിയോടാണ് അട്ടിമറിക്കപ്പെട്ടത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു മെദ്‌വെദെവിന്റെ കീഴടങ്ങല്‍.